കൊച്ചി : തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ അനധികൃത ബാനറുകൾ, കൊടിതോരണങ്ങൾ, ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കുന്നവർക്കെതിരെ തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരായ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം.
കഴിഞ്ഞദിവസം ഹർജി പരിഗണനയ്ക്കു വന്നപ്പോൾ അനധികൃത പരസ്യബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതു തടയാൻ സമഗ്രനിയമം കൊണ്ടുവരുന്നകാര്യം സർക്കാർ പരിഗണിക്കുകയാണെന്നും രണ്ടാഴ്ചകൂടി സമയംവേണമെന്നും സ്റ്റേറ്റ് അറ്റോർണി കോടതിയിൽ അറിയിച്ചു. എന്നാൽ ഹൈക്കോടതി നൽകിയ നിർദേശങ്ങൾ എല്ലാം ഉൾപ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും ഇതു നടപ്പാക്കുന്നില്ലെന്നും അമിക്കസ്‌ക്യൂറി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ഇലക്ഷൻ കമ്മിഷൻ ഒക്ടോബർ 28ന് ഇറക്കിയ സർക്കുലറിന്റെ പകർപ്പ് കോടതിയിൽ ഹാജരാക്കി. ഹൈക്കോടതിയുടെ മുൻനിർദേശങ്ങൾ സമഗ്രമായി സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വിലയിരുത്തിയ സിംഗിൾബെഞ്ച് ഇതു കർശനമായി നടപ്പാക്കാൻ നിർദേശിക്കുകയായിരുന്നു. സർക്കുലറിലെ നിർദേശങ്ങൾ അക്ഷരാർത്ഥത്തിൽ നടപ്പാക്കുന്നെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ ഉറപ്പാക്കണം. നിയമലംഘകർക്കെതിരെ വീഴ്ചവരുത്താതെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.