കൊച്ചി: മത്സ്യബന്ധനമേഖലയിൽ സംസ്ഥാന സർക്കാർ പുതിയതായി കൊണ്ടുവന്ന ഒാർഡിനൻസ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്നാരോപിച്ച് കൊല്ലം ജില്ലയിലെ ഫിഷിംഗ് ബോട്ട് ഒാപ്പറേറ്റേഴ്സ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി രണ്ടാഴ്ചകഴിഞ്ഞു വീണ്ടും പരിഗണിക്കും. മത്സ്യബന്ധനം, ലേലം, വില്പന, ഗുണനിലവാരം തുടങ്ങിയവയുടെ കാര്യത്തിൽ മാർഗനിർദ്ദേശങ്ങളുമായി സെപ്തംബർ 22 നാണ് സംസ്ഥാന സർക്കാർ ഒാർഡിനൻസ് കൊണ്ടുവന്നത്. ഇതനുസരിച്ച് സംസ്ഥാനത്തിന്റെ സമുദ്രാതിർത്തിയായ 12 നോട്ടിക്കൽ മൈലിനു പുറത്ത് മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത ബോട്ടുകളെയും നിയന്ത്രിക്കുന്ന വ്യവസ്ഥകൾ ഒാർഡിനൻസിലുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനാണ് അധികാരം. ഇതു മറികടന്ന് സംസ്ഥാന സർക്കാർ നടപ്പാക്കിയ ഒാർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഒാർഡിനൻസ് നടപ്പാക്കുന്നത് സ്റ്റേചെയ്യണമെന്നാണ് ഇടക്കാല ആവശ്യം.