കോലഞ്ചേരി: ഡെങ്കി പനിക്കാർക്കുത്തമം പാഷൻ ഫ്രൂട്ട്, പനിക്കാരുടെ എണ്ണം വർദ്ധിച്ചതോടെ പാഷൻ ഫ്രൂട്ട് ക്ഷാമം നേരിട്ടിരുന്നു. ഉള്ളതിന് നല്ല വിലയും. ആവശ്യക്കാരേറിയതോടെ വിപണി സാദ്ധ്യത തിരിച്ചറിഞ്ഞ് പച്ചക്കറി കർഷകർ പാഷൻ ഫ്രൂട്ട് കൃഷിയിലേയ്ക്ക് കടന്നു.
ഏറ്റവും കുറഞ്ഞ ചെലവിൽ ആർക്കും കൃഷി ചെയ്യാവുന്നതാണ്. ഉയർന്ന വിലയും വിപണിസാദ്ധ്യതയും ലഭിച്ചു തുടങ്ങിയതോടെ ജില്ലയിൽ ഒട്ടേറെ കർഷകർ കൃഷിയിലേക്കു തിരിഞ്ഞു. കൃഷി വ്യാപനത്തിന് സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും കൃഷിവകുപ്പും സജീവമായി രംഗത്തുമുണ്ട്.പടർത്തി വളർത്തേണ്ട ഒരു വള്ളിച്ചെടിയാണിത്. മണ്ണിൽ നട്ട് ടെറസിൽ പന്തലിട്ടാൽ വീടിനകത്ത് നല്ല കുളിർമ കിട്ടും. ഈർപ്പവും ജൈവാംശവും ഉള്ള മണ്ണിൽ നന്നായി വളരും.
പാസിഫ്ളോറ കുടുംബത്തിൽ നിന്നുള്ള പാഷൻ ഫ്രൂട്ടിൽ നിന്നു വേർതിരിച്ചെടുക്കുന്ന പാസിഫ്ളോറിൻ എന്ന ഘടകം മാനസിക സമ്മർദം അകറ്റാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വയലറ്റ്, മഞ്ഞ എന്നീ നിറങ്ങളിലാണുള്ളത്. മഞ്ഞ ഇനത്തിനു പുളിരസം കൂടുതലാണ്. വയലറ്റ് ഇനത്തിനു മധുരം കൂടുതലും പുളിരസം കുറവുമാണ്.
ഡെങ്കി പനിക്കാർക്കുത്തമം
ഡെങ്കി പനിക്കാർക്ക് രക്തത്തിലെ കൗണ്ട് കുറയുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. കൗണ്ട് കൂട്ടിയെടുക്കുന്നതിന് ഡോക്ടർമാർ നിർദ്ദേശിക്കുന്നത് പാഷൻ ഫ്രൂട്ട് കഴിക്കാനാണ് . അതോടെ ജില്ലയിലെ കർഷർക്കിടയിലെ മിന്നും താരമാണിപ്പോൾ ഈ പഴം.
വിലയിൽ കേമൻ
വള്ളിയിലുണ്ടാകുന്ന പുതിയ ശാഖകളിലാണു കായ്കളുണ്ടാകുന്നത്. പൂക്കൾ കായ്കളാകാൻ 3 മാസം വേണ്ടിവരും.നല്ല വിളവിന് ഒന്നര വർഷത്തെ വളർച്ചയും വേണം.പ്രധാന വിളവെടുപ്പുകാലം മേയ് ജൂൺ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ്. ഒരു വള്ളിയിൽനിന്നു ശരാശരി വിളവ് 78 കിലോഗ്രാം വരെ ലഭിക്കുമെന്ന് കടയിരുപ്പിലെ കർഷകനായ എം.വി മോഹനൻ പറഞ്ഞു. കിലോഗ്രാമിന് 90 മുതൽ 130 രൂപ വരെ വില ലഭിക്കുന്നുമുണ്ട്.
ജനപ്രിയ പാനീയം
നല്ലൊരു ദാഹശമനിയായ പാഷൻ ഫ്രൂട്ടിൽ ജീവകം സി, എ എന്നിവ കൂടുതൽ അളവിൽ അടങ്ങിയിട്ടുണ്ട്. ജ്യൂസും ജെല്ലിയും സ്‌ക്വാഷും നിർമിക്കാൻ നല്ലതാണ്.മണവും നിറവും കൂട്ടാൻ രാസവസ്തുക്കൾ ആവശ്യമില്ലെന്നതാണ് ജനപ്രിയമാക്കുന്നത്.നീരു പിഴിഞ്ഞെടുത്ത് പഞ്ചസാരയും വെള്ളവും ചേർത്തും കഴിക്കാം. പുറന്തോട് ഉണക്കി വറുത്ത് കൊണ്ടാട്ടമായി ഉപയോഗിക്കുന്നവരുമുണ്ട്. വിത്ത് പാകിയും തണ്ട് മുറിച്ചു നട്ടും നടാം.