കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമസ്തമേഖലകളും സാമൂഹ്യമാദ്ധ്യമങ്ങൾ കീഴടക്കിയെങ്കിലും ചുവരെഴുത്തിൽ പുതുമ കണ്ടെത്തുകയാണ് കൊച്ചി കോർപ്പറേഷൻ 35 ാം വാർഡായ പോണേക്കരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. ഷാജി.
സാധാരണക്കാരുടെ വാഹനങ്ങളായ ട്രെയിനും കെ.എസ്.ആർ.ടി.സി ബസും ഓട്ടോറിക്ഷകളുമൊക്കെയാണ് ഇതിനായി ആശ്രയിക്കുന്നത്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തവണ ഫ്ലക്സ് ബോർഡുകൾക്കും നിരോധനമുള്ളതിനാൽ ചുവരുകൾക്കും ചുവരെഴുത്തുകൾക്കും നല്ല കാലമാണ്. പതിറ്റാണ്ടുകളായി കണ്ടുതഴമ്പിച്ച മുഴുനീളൻ വാചകക്കസർത്തുകൾ പുതുതലമുറയിലെ വോട്ടർമാരെ ആകർഷിക്കാൻ പര്യാപ്തമല്ലെന്ന തിരിച്ചറിവാണ് പുതുമയുടെ സാദ്ധ്യതകൾ തിരയാൻ ഷാജിയേയും കൂട്ടരേയും പ്രേരിപ്പിച്ചത്.
ആരും ശ്രദ്ധിക്കുന്ന കലാവൈഭവത്തോടെയാകണം പ്രചാരണമെന്ന കാര്യത്തിൽ ഇവർക്ക് തർക്കമില്ല. അതിനെന്തു പരിഹാരമെന്ന ആലോചനയിലാണ് സാധാരണക്കാരുടെ വാഹനങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ തീരുമാനിച്ചത്. പോണേക്കര റെഡ് സ്റ്റാർ ക്ലബ്ബിലെ ചെറുപ്പക്കാരുടെ പ്രതിനിധിയാണ് പി.വി. ഷാജി. മൂന്ന് പതിറ്റാണ്ടിലേറെയായി നാട്ടിലെ പൊതുരംഗത്തെ സജീവസാന്നിദ്ധ്യം. അടിയുറച്ച ഇടത് പ്രവർത്തകനായ ഷാജിയെ സ്ഥാനാർത്ഥിയാക്കുമെന്ന് നേരത്തെ ധാരണയുണ്ടായിരുന്നു. സമയമായപ്പോൾ സ്ഥാനാർത്ഥിത്വം നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് നാട്ടിലെ ചെറുപ്പക്കാരുടെ പ്രതിനിധിയായാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. ഷാജിയുടെ കന്നിയങ്കം കൊഴുപ്പിക്കാൻ കക്ഷിരാഷ്ട്രീയം മറന്ന് കൂട്ടുകാരും രംഗത്തിറങ്ങി. റെഡ് സ്റ്റാർ ക്ലബ്ബിലെ അംഗവും ചിത്രകാരനുമായ രാജീവ് പീതാംബരന്റെ കരവിരുതിൽ ഷാജിയുടെ പ്രചരണരംഗം വേറിട്ടതായത്. ട്രെയിനിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ഷാജിയുടെ ചിത്രമാണ് ഇതിൽ ഏറെ കൗതുകം. ഇതുവഴി കടന്നുപോകുന്ന ആരുമൊന്ന് നോക്കിനിൽക്കും. അതുമതി, പോണേക്കരയുടെ പൊതുസ്ഥാനാർത്ഥിക്ക് വിജയിക്കാൻ എന്നാണ് റെഡ് സ്റ്റാർ സാരഥികളുടെ അവകാശവാദം. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് രാജീവ് ചുവരെഴുത്തും ചിത്രം വരയും നടത്തുന്നത്.