കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡും തീരസംരക്ഷണ സേനയും കൊച്ചി കായൽമേഖലയിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഫോർട്ടു കൊച്ചി മേഖലയിൽ ഭാവിയിൽ വെള്ളപ്പൊക്കത്തിനിടയാക്കുമെന്ന പഠന റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാമേശര്വം - കൽവത്തി കനാലിലെ മാലിന്യം നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി റെസിഡന്റ്സ് അസോസിയേഷൻ കോ ഒാർഡിനേഷൻ കമ്മിറ്റി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്. പശ്ചിമ കൊച്ചിയിലെ കനാലുകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ചു പഠനം നടത്തി റിപ്പോർട്ട് നൽകാൻ എറണാകുളം മൈനർ ഇറിഗേഷൻ സെൻട്രൽ സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ ആർ. ബൈജു ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. തുടർന്നാണ് പഴയ ഹാർബർ പാലത്തിനു സമീപം കായൽ മേഖലയിലെ മേജർ ഷിപ്പ് ഡോക്ക് യാർഡ് നിർമ്മാണം മരട്, അരൂർ തുടങ്ങിയ മേഖലകളിൽ ഭാവിയിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് വ്യക്തമാക്കിയാണ് റിപ്പോർട്ട് നൽകിയത്. രാമേശ്വരം ക്ഷേത്രത്തിത്തു എതിർ വശത്തും കൽവത്തിയിലുമായി നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഫോർട്ടുകൊച്ചിയിൽ വെള്ളപ്പൊക്കമുണ്ടാക്കുമെന്ന ആശങ്കയും റിപ്പോർട്ടിലുണ്ട്. തുടർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് സെക്രട്ടറിയെയും കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്ട് കമാൻഡറെയും കേസിൽ കക്ഷി ചേർത്ത ഹൈക്കോടതി ഇതിൽ വിശദീകരണം നൽകാനും നിർദേശിച്ചിട്ടുണ്ട്. തുടർന്ന് ഹർജി ഡിസംബർ രണ്ടിലേക്ക് മാറ്റി.