election

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ രണ്ടു വാർഡുകളിൽ അമ്മയും മകനും എൻ.ഡി.എ സ്ഥാനാർത്ഥികളായി അങ്കത്തിനിറങ്ങിയപ്പോൾ തേരുതെളിക്കാൻ മരുമകളുമെത്തി.

മട്ടാഞ്ചേരി കൊച്ചങ്ങാടി കളരിക്കൽ ജെസി സേവ്യർ, മകൻ വിപിൻ സേവ്യർ എന്നിവരാണ് എൻ.ഡി.എ സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. അമ്മ 24 ാം ഡിവിഷനായ മൂലംകുഴിയിലും മകൻ സ്വന്തം ഡിവിഷനായ (ആറ് ) കൊച്ചങ്ങാടിയിലുമാണ് അങ്കം കുറിക്കുന്നത്. ജെസി സേവ്യർ ബി.ജെ.പി കൊച്ചി നിയോജക മണ്ഡലം സെക്രട്ടറിയും വിപൻ ബി.ഡി.ജെ.എസ് നിയോജകമണ്ഡലം സെക്രട്ടറിയുമാണ്. കഴിഞ്ഞ തവണയും വീറോടെ പൊരുതിയ ജെസിക്ക് ഇത് രണ്ടാമൂഴവും മകന് കന്നിയങ്കവുമാണ്. ഇരുവർക്കും തുണയായി വിപിന്റെ ഭാര്യയും ബി.ഡി.എം.എസ് ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ രാധികയുടെ ശക്തമായ സ്വാധീനവും പിന്തുണയുമുണ്ട്. പെയിന്റിംഗ് തൊഴിലാളിയായ വിപിനും ഭാര്യയും ബി.ഡി.ജെ.എസ് രൂപീകരണകാലം മുതൽ സജീവപ്രവർത്തകരാണ്. അമ്മ ജെസി രാഷ്ട്രീയരംഗത്ത് സജീവമായിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. കഴിഞ്ഞ തവണത്തേതിൽ നിന്ന് രാഷ്ട്രീയ സാഹചര്യങ്ങൾ ഏറെ അനുകൂലമാണെന്ന് ഇത്തവണ രണ്ടാമൂഴത്തിൽ ജെസിക്ക് ആത്മവിശ്വാസം പകരുന്ന ഘടകം. അതേസമയം സ്വന്തം വാർഡിലെ കന്നിയങ്കത്തിൽ വിജയിച്ചേ അടങ്ങൂ എന്ന വാശിയിലാണ് വിപിൻ. രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങളും വോട്ടിൽ തുണയാകുമെന്ന് ഇരുവരും പ്രതീക്ഷിക്കുന്നു. വോട്ടർമാരെ നേരിൽക്കണ്ട് പിന്തുണ ഉറപ്പാക്കുന്ന തിരക്കിലാണ് ഇരുവരും.