കൊച്ചി: കൊച്ചി നഗരസഭയിൽ മത്സരിക്കുന്ന എൻ.ഡി.എയുടെ സ്ഥാനാർത്ഥി സംഗമം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയത്തിൽ വഴിത്തിരിവാകുന്ന തെരഞ്ഞെടുപ്പാകും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇത്തവണ എൻ.ഡി.എ മുന്നണിക്ക് വലിയ മുന്നേറ്റം നടത്താൻ കഴിയും. കഴിഞ്ഞ ആറ് വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റ് ഭരണ നേട്ടങ്ങൾ ഇതിന് വലിയ സഹായമാകും. ദാരിദ്ര്യമില്ലാത്ത കാലമായിരുന്നു ഈ ആറ് വർഷം. ധാന്യശേഖരം കൊണ്ട് രാജ്യം സമ്പന്നമാണ്. കേരളത്തോട് വലിയ അനുഭാവമുള്ള സമീപനമാണ് മോദി സർക്കാരിനുള്ളത്. രാജ്യത്തെ 100 നഗരങ്ങളെ ലോകോത്തര നിലയിലെത്തിക്കാനായി തെരഞ്ഞെടുത്തപ്പോൾ അതിലൊന്ന് കൊച്ചിയായിരുന്നു. 2500 കോടി രൂപ ഇതിനായി നീക്കിവെച്ചപ്പോൾ വളരെ ചെറിയ ശതമാനം മാത്രമാണ് ചെലവഴിച്ചത്. രാധാകൃഷ്ണൻ പറഞ്ഞു. സ്ഥാനാർത്ഥികളെ രാധാകൃഷ്ണൻ ഷാളണിയിച്ച് സ്വീകരിച്ചു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എസ്.ജയകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു , ബി.ഡി.ജെ.എസ് ജില്ല സെക്രട്ടറിയും സ്ഥാനാർത്ഥിയുമായ ശ്രീകുമാർ തട്ടാറത്ത്, പത്മജ എസ്.മേനോൻ ,സി.വി.സജനി എന്നിവർ പങ്കെടുത്തു.