കോലഞ്ചേരി: മണ്ണൂർ പോഞ്ഞാശ്ശേരി റോഡിൽ ഗതാഗതം തടസപ്പെടുത്തി നിർമ്മാണ പ്രവർത്തനം നടത്തുന്നത് യാത്രക്കാരെ വലയ്ക്കുന്നു. മണ്ണൂർ പാടത്തിനു സമീപം കലുങ്ക് പണിയുന്നതിന്റെ ഭാഗമായി റോഡിനു കുറുകേ കുഴിയെടുത്തിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഗതാഗതം പൂർണമായി തടസപ്പെടുത്തിയത്. മണ്ണൂരിൽ നിന്ന് കുഴൂരിലേക്കോ തിരിച്ചോ പോകണമെങ്കിൽ മൂന്ന് കിലോമീറ്ററെങ്കിലും ചുറ്റിക്കറങ്ങണം. മണ്ണൂർ മുതൽ പോഞ്ഞാശ്ശേരി വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് 20 കോടിയോളം രൂപയുടെ പദ്ധതി ആവിഷ്‌കരിച്ചിട്ട് കൊല്ലങ്ങളായെങ്കിലും ഇതുവരെ പണികൾ എങ്ങുമെത്തിയിട്ടില്ല. ഇതിനെച്ചൊല്ലി നിരവധി വാദപ്രതിവാദങ്ങളും സമരങ്ങളും അരങ്ങേറിയിരുന്നു. നാലുചക്ര വാഹനങ്ങൾക്ക് കടന്നുപോകത്തക്ക രീതിയിലുള്ള സംവിധാനം ഏർപ്പെടുത്താൻ പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.