കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ ഏറ്റവും വാശിയേറിയ മത്സരങ്ങൾ നടക്കുന്ന ഇടങ്ങളിൽ ഒന്നാണ് നാലാം വാർഡ്. കുറുപ്പംപടി സെൻമേരിസ് കത്തീഡ്രലും കൂട്ടുമഠം സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും ഉൾപ്പെടുന്ന ഈ വാർഡിൽ ഇടതു-വലത് എൻ.ഡി.എ മുന്നണികളെ കൂടാതെ സ്വതന്ത്രൻ അടക്കം നാലുപേർ നേർക്കുനേർ പോരാട്ടത്തിനൊരുങ്ങി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സി.പി.എമ്മിലെ എം ജി ശ്രീകുമാറും, വലതുപക്ഷ സ്ഥാനാർഥി കോൺഗ്രസിലെ ഫെബിൻ കുര്യാക്കോസും തമ്മിലാണ് നേർക്കുനേർ പോരാട്ടമെങ്കിലും വിജയ പ്രതീക്ഷയോടുകൂടി തന്നെ അരയും തലയും മുറുക്കി എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയുടെ കെ ആർ പ്രകാശും രംഗത്തുണ്ട്. ഈ മൂന്ന് മുനണി സ്ഥാനാർത്ഥികൾക്കും വെല്ലുവിളി എന്നോണം സ്വതന്ത്ര സ്ഥാനാർത്ഥി പി ബി സുരേഷിന്റെ പ്രചരണം. അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് എം.ജി ശ്രീകുമാർ വോട്ടു തേടുന്നത് . കൈപ്പത്തി ചിഹ്നത്തിൽ തന്നെയാണ് ഫെബിൻ കുര്യാക്കോസ് മത്സരിക്കുന്നത്. താമരയാണ് കെ.ആർ പ്രകാശിന്റെ ചിഹ്നം. സ്വതന്ത്ര സ്ഥാനാർത്ഥി ആയതിനാൽ ചിഹ്നം ഓട്ടോറിക്ഷ തന്റെ വിജയത്തിന് ആധാരം ആകും എന്നാണ് സുരേഷിന്റെ പക്ഷം. 20 വാർഡുകളുള്ള രായമംഗലം ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ എൽസി പോൾ വിജയിച്ചു കയറിയ വാർഡാണ് ഇത്. പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് വരെ ലക്ഷ്യം വച്ചാണ് എം.ജി ശ്രീകുമാറിന്റെ പ്രവർത്തനം.