കൊച്ചി: മെട്രോ മേൽതൂണുകൾക്കിടയിലെ മീഡിയനുകൾ മനോഹരമാക്കാൻ പദ്ധതിയുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. നിലവിൽ പരിപാലനമില്ലാതെ കിടക്കുന്ന മീഡിയനുകൾ കോർപറേറ്റുകളുടെയും വിവിധ ബിസിനസ് ഗ്രൂപ്പുകളുടെയും പിന്തുണയോടെയാണ് മോടിപിടിപ്പിക്കാനാണ് കെ.എം.ആർ.എൽ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹാർദമായി മലിനീകരണം പൂർണമായും ഇല്ലാതാക്കുകയാണ് ഉദ്ദേശം. ഇതിന്റെ ഭാഗമായി ഇടപ്പള്ളി മുതൽ പേട്ട വരെയുള്ള ഭാഗത്തെ 215 മീഡിയനുകളുടെ സൗന്ദര്യവത്കരണ ചുമതല സ്‌പോൺസർമാർക്ക് കൈമാറി. ജ്വല്ലറി ഗ്രൂപ്പുകൾ, ആശുപത്രികൾ, ബേക്കറികൾ, വസ്ത്രശാലകൾ, ബാങ്കുകൾ തുടങ്ങിയവയാണ് വിവിധ മീഡിയനുകൾ ഏറ്റെടുത്തിരിക്കുന്നത്. കൊച്ചി കപ്പൽശാല, പെട്രോനെറ്റ് തുടങ്ങിയ പൊതുമേഖല കമ്പനികളും നടത്തിപ്പ് ചുമതല ഏറ്റെടുത്തിട്ടുണ്ട്. നിലവിൽ 16 മീഡിയനുകൾ കപ്പൽശാല പരിപാലിക്കുന്നുണ്ട്. ഇതുവരെ 70 ശതമാനം മീഡിയനുകൾക്കാണ് സ്‌പോൺസർമാരെ കണ്ടെത്തിയത്. സ്‌പോൺസർമാർക്ക് അവർ ഏറ്റെടുത്ത മീഡിയനിൽ അവരുടെ പേരുകൾ പ്രദർശിപ്പിക്കാനാവും. സ്‌പോൺസർമാരിൽ നിന്ന് ഒറ്റത്തവണ ഫീസാണ് കെ.എം.ആർ.എൽ ഇതിനായി ഈടാക്കുന്നത്. ഗാർഡനിംഗ്, ബയോഡീഗ്രേഡബിൾ ഗാർഡനിംഗ് എന്നിങ്ങനെ പരിപാലന രീതി സ്‌പോൺസർമാർക്ക് തെരഞ്ഞെടുക്കാം. വിവിധ കാലാവസ്ഥക്ക് അനുയോജ്യമായ കുറ്റിച്ചെടികളോ ചെടികളോ മാത്രം പൂന്തോട്ടങ്ങൾക്കായി തിരഞ്ഞെടുക്കണം. രണ്ടു വർഷത്തേക്കുള്ള പരിപാലന ചെലവ് സ്‌പോൺസർമാർ വഹിക്കണം. അറ്റകുറ്റപണികളും ഇവരുടെ ഉത്തരവാദിത്വമായിരിക്കും.