road2
മൂവാറ്റുപുഴ കച്ചേരിത്താഴത്ത് റോഡിൽ രൂപപ്പെട്ടകുഴി

മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന റോഡിലെ കുഴികൾ ഇരു ചക്രവാഹനയാത്രക്കാർക്കുൾപ്പടെ ഭീഷണിയാകുന്നു. വെള്ളൂർക്കുന്നം മുതൽ പി.ഒ ജംഗ്ഷൻ വരെയുള്ള എം.സി റോഡിൽ നിരവധി ഇടങ്ങളിലാണ് റോഡിൽ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. അടുത്ത നാളിൽ കുഴിയടക്കൽ,ടാറിംഗ് പൂർത്തീകരിച്ചെങ്കിലും നിരവധിയിടങ്ങളിൽ വീണ്ടും കുഴികൾ രൂപപ്പെടുകയായിരുന്നു. മൂവാറ്റുപുഴയുടെ പ്രധാന കേന്ദ്രമായ കച്ചേരിത്താഴത്ത് പാലത്തിനുസമീപം ഇടതു വശം ചേർന്നു വരുന്ന വാഹനങ്ങൾ ഇവിടത്തെ കുഴിയിൽ ചാടുന്നത് പതിവു കാഴ്ചയാണെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. ഇതിനു പുറമെ ചാലിക്കടവ് പാലത്തിൽ നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇവിടെയും അപകടങ്ങൾ പതിവാണ്. റോഡിലെ കുഴികൾ മൂലം ദിവസവും അപകടങ്ങൾ ഉണ്ടാകുന്നതായി നഗരത്തിലെത്തുന്ന നിരവധി ഇരുചക്രവാഹന യാത്രക്കാർ പറയുന്നു. ഒരു വശത്ത് കുഴികൾ മൂലം അപകടമാണെങ്കിൽ നഗരത്തിൽ നിരവധിയിടങ്ങളിൽ ഓടയുടെ സ്ലാബ് മാറികിടക്കുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട് . പൊതുമരാമത്തു വകുപ്പ് അധികൃതരുടെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

അപകടങ്ങൾ രാത്രിയിൽ

അരമനപ്പടിയിൽ റോഡരികിലുള്ള കുഴിയിലേക്ക് രാത്രിയിൽ ഇന്നോവ കാർ വീണ് അപകടമുണ്ടായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് നാട്ടുകാരും, സമീപത്തെ പെട്രോൾ പമ്പ് ജീവനക്കാരും കൂടി ഏറെ കാർ ഉയർത്തിയത്. രാത്രിയിൽ കുഴികൾ ശ്രദ്ധയിൽപെടാതെ നിരവധി ഇരുചക്ര വാഹനങ്ങള്ളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.