ആലുവ: ആലുവ നഗരസഭ എട്ടാം വാർഡിൽ പത്രിക നൽകിയ സ്വതന്ത്ര കെ.വി. സരളയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് വിട്ടു. തീരുമാനം നാളെയുണ്ടാകും. കെ.വി. സരള പ്രസിഡന്റായ ആലുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉപദേശക സമിതി 2012ൽ ഉണ്ടാക്കിയ സാമ്പത്തിക ബാദ്ധ്യത തീർക്കാതെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന വാദമാണ് കമ്മീഷന്റെ പരിഗണനയ്ക്ക് വിടാനുണ്ടായ കാരണം. പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെയുണ്ടായ തർക്കം ജില്ലാ വരണാധികാരിക്ക് വിട്ടിരുന്നു. തീരുമാനത്തിനായി കാത്തിരിക്കുമ്പോഴാണ് ഇന്നലെ പുതിയ അറിയിപ്പ് ലഭിച്ചത്.
2012ലെ ശിവരാത്രിക്ക് താത്കാലിക നടപ്പാലം നിർമ്മിക്കുന്നതിനായി നൽകിയ 7.5 ലക്ഷം രൂപ തിരിച്ചടക്കാത്തതാണ് നിലവിലെ കൗൺസിലർ കൂടിയായ കെ.വി. സരളയ്ക്ക് വീണ്ടും മത്സരിക്കാൻ തടസാമായിരിക്കുന്നത്. വിധി അനുകൂലമല്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് സിറ്റംഗ് കൗൺസിലറായ സരളയുടെ തീരുമാനം. കോൺഗ്രസ് നേതാവായിരുന്ന സരളയെ സംഘടനാ വിരുദ്ധപ്രവർത്തനത്തെ തുടർന്ന് രണ്ട് വർഷം മുമ്പ് പാർട്ടി സസ്പെന്റ് ചെയ്തിരുന്നു.