കൊച്ചി : തീരദേശ, കായലോര മേഖലകളിൽ അനുഭവപ്പെട്ട അഭൂതപൂർവമായ വൃശ്ചികവേലിയേറ്റം രൂക്ഷമായത് മനുഷ്യനിർമ്മിത പ്രശ്നങ്ങൾ മൂലം. തീരദേശത്തെ തണ്ണീർത്തടങ്ങൾ നികത്തിയും തോടുകൾ മൂടിയും കൃഷിഭൂമി കൈവശമാക്കി മറ്റാവശ്യങ്ങൾ ഉപയോഗിക്കുന്നത് വർദ്ധിച്ചതുമാണ് പതിവിലേറെ വേലിയേറ്റം ബാധിക്കാൻ കാരണമായതെന്നാണ് വിവരങ്ങൾ.
വൃശ്ചികമാസാരംഭത്തിൽ വേലിയേറ്റം മുൻവർഷങ്ങളിലെല്ലാം സംഭവിക്കുന്നത് പതിവാണ്. കരയിലേയ്ക്ക് വെള്ളം കയറുകയും ചെയ്യും. മുൻവർഷങ്ങളിലേക്കാൾ രൂക്ഷമായിരുന്നു ഇക്കുറി വേലിയേറ്റത്തിന്റെ ശക്തി. കൂടുതൽ പ്രദേശങ്ങളിൽ വേലിയേറ്റത്തിൽ വെള്ളം കയറി. നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. മണ്ണും ചെളിയും മാലിന്യങ്ങളും വലിയതോതിലാണ് കയറിവന്നത്. ദിവസങ്ങൾ കൊണ്ടാണ് വീടുകളും പറമ്പും പരിസരവും വൃത്തിയാക്കാൻ ജനങ്ങൾക്ക് കഴിഞ്ഞത്.
ജില്ലയുടെ തീരപ്രദേശമായ ചെല്ലാനം, കണ്ണമാലി, കുമ്പളങ്ങി, ഫോർട്ടുകൊച്ചി, വൈപ്പിൻ, എടവനക്കാട്, വരാപ്പുഴ, കുമ്പളം പ്രദേശങ്ങളിലാണ് ശക്തമായ വേലിയേറ്റം അനുഭവപ്പെട്ടത്.
വേലിയേറ്റസമയത്ത് വീടുകളിൽ വരെ വെള്ളം കയറുന്നു. ക്ഷുദ്രജീവികൾ വീടുകളിലത്തുന്നു. കുട്ടികൾ, ഗർഭിണികൾ, രോഗികൾ, അംഗപരിമിതർ, വൃദ്ധർ തുടങ്ങിയവരാണ് ദുരിതങ്ങൾ അനുഭവിക്കുന്നത്. റവന്യൂ വകുപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന നാട്ടുകാർ പരാതിപ്പെടുന്നു.
# നികത്തൽ വില്ലൻ
തീരദേശത്തെ നിലംനികത്തലാണ് വേലിയേറ്റത്തിൽ വെള്ളം കൂടുതൽ മേഖലകളിലേക്ക് കയറാൻ കാരണമെന്ന് പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ജലം കയറിക്കിടക്കുന്ന പ്രദേശങ്ങൾ നികത്തുകയോ ചുരുക്കുകയോ ചെയ്യുന്നത് പതിവാണ്. വിനോദസഞ്ചാര മേഖലകളിൽ റിസോർട്ടുകളും മറ്റും നിർമ്മിക്കാൻ സ്ഥലം നികത്തുന്നതും തോടുകൾ മൂടുന്നതും വീതി കുറയ്ക്കുന്നതും വെള്ളം സുഗമമായി കയറിയിറങ്ങാൻ തടസം സൃഷ്ടിക്കുന്നുണ്ട്. ഇതുമൂലം പറമ്പുകളിലേയ്ക്ക് വേലിയേറ്റസമയത്ത് വെള്ളം കയറിയതാണ് കഴിഞ്ഞയാഴ്ച സംഭവിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
# ഇരകൾ സാധാരണക്കാർ
കർഷകർ കൈവശം വച്ചിരുന്ന സ്ഥലങ്ങൾ ചില സംഘങ്ങൾ കൈവശമാക്കുന്നത് പതിവായി. സ്ഥലം വിൽക്കാത്ത പാവങ്ങളും സാധാരണക്കാരുമാണ് ഇരകളായി മാറുന്നത്. ദുരിതം വർദ്ധിപ്പിച്ച് സ്ഥലങ്ങൾ കൈവശമാക്കാൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വൈപ്പിനിലെ എടവനക്കാട്ടിൽ വ്യാപകമായി പാടങ്ങളും തണ്ണീർതടങ്ങളും നികത്തി റിസോർട്ടുകൾ നിർമ്മിക്കുന്നുണ്ട്. പനമ്പുകാട്ടും വരാപ്പുഴയിലും ചേരാനെല്ലൂരും കുമ്പളത്തും തീരപ്രദേശങ്ങൾ നികത്തുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥരിൽ ചിലരും കൂട്ടുനിൽക്കുന്നു.
# നടപടി അനിവാര്യം
താപനവ്യതിയാനവും പ്രകൃതിദുരന്തങ്ങളും പോലെ വൃശ്ചിക വേലിയേറ്റവും മനുഷ്യനിർമ്മിതമാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടഞ്ഞാലേ തീരദേശവാസികൾക്ക് സ്വസ്ഥമായി കഴിയാനാകൂ. ജില്ലാ അധികൃതർ അടിയന്തരമായി ഇടപെടണം.
ഏലൂർ ഗോപിനാഥ്
സംസ്ഥാന സമതി അംഗം
പ്രകൃതിസംരക്ഷണ വേദി