nedran

കോലഞ്ചേരി: നേന്ത്രക്കായ വില കൂപ്പു കുത്തി. കർഷകർ കണ്ണീർക്കടലിൽ. പക്ഷേ കായ ഉല്പന്നങ്ങൾക്ക് കടകളിൽ കൊള്ള വില. അഞ്ചു കിലോ ഏത്തപ്പഴം 100 രൂപയ്ക്കാണ് ഇപ്പോൾ വില്പന.

കേരളത്തിൽ കായ വില ഇതുപോലെ തകർന്ന കാലമുണ്ടായിട്ടില്ല. മൂത്തു തുടങ്ങിയ കായയ്ക്കു തോട്ടത്തിലെത്തി ഇന്നലെ മൊത്ത വില പറഞ്ഞതു 12 രൂപ മുതലാണ്. മാർക്ക​റ്റിലെത്തിച്ചാൽ 14 രൂപ മുതലും. നല്ല ഒന്നാന്തരം കായ 22 രൂപയ്ക്കുവരെ കിട്ടാനുണ്ട്.

കർഷകനെ കണ്ണീരിലാഴ്ത്തുമ്പോഴും കായ ഉല്പന്നങ്ങൾക്ക് കടകളിൽ കൊള്ള വിലയാണ്. 50 രൂപ കടന്നപ്പോഴാണ് പഴം പൊരിക്ക് പത്ത് രൂപയായത്. തലശ്ശേരി സ്‌പെഷ്യൽ വിഭവമായ ഉന്നക്ക 12 ൽ നിന്നും 15 ലേയ്ക്കും, പഴം റോസ്​റ്റ് ചെറുത് 8 ൽ നിന്നും10 ലേയ്ക്കും, വലുത് 12 ൽ നിന്നും 15ലേയ്ക്കും ഉയർത്തി. ഉപ്പേരിയുടെ കാര്യമാണ് മഹാ കഷ്ടം. അവസാനം കായ വില കത്തി കയറി നിന്ന ഓണം സീസണിൽ വില ഉയർത്തി കായ വറുത്തത് 340, കായ ഉപ്പേരി നാലു വെട്ടി നുറുക്ക് 400, ശർക്കര വരട്ടി 375 ഇങ്ങനെയായി.

ഓണം സീസണിനെ അപേക്ഷിച്ച് കായ വില പകുതിയിൽ താഴെയാണ്. പക്ഷേ ഒരു രൂപ കുറയ്ക്കാൻ കടയുടമകൾ തയ്യാറായിട്ടില്ല. കായ വറുത്തു കടകളിൽ എത്തിക്കുന്ന വലിയ ശൃംഖല തന്നെയുണ്ട്. നിലവാരം കുറഞ്ഞ വെളിച്ചെണ്ണയിലും,രണ്ടാംതരം പാമോയിലിലുമാണ് മിക്ക വഴിയോരക്കടകളിലും ഉപ്പേരി ഉണ്ടാക്കുന്നത്. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കും.

14 രൂപയ്ക്കു കായ കിട്ടിയാൽ എല്ലാ ചെലവും കഴിഞ്ഞു കിലോയ്ക്ക് 190 രൂപയ്ക്കു വറുത്തു നൽകിയാൽ 30% വരെ ലാഭം കിട്ടും. ഈ സമയത്താണു കർഷകരെ ശരിക്കും ഇടിച്ചു പിഴിഞ്ഞു കായ വാങ്ങി വൻ വിലയ്ക്ക് വറുത്തതു വിൽക്കുന്നത്.കർഷകനും ഉപഭോക്താവിനും ഒരാനുകൂല്യവും കിട്ടാത്ത കായ വറുക്കലിൽ വൻ ലാഭമുണ്ടാക്കുന്നതു അംഗീകാരമില്ലാതെ നടത്തുന്ന വറവു കമ്പനികളും വീണ്ടും വീണ്ടും എണ്ണ ഉപയോഗിക്കുന്ന വഴിയോര വറവുകാരുമാണ്. കായ വില കുറയുന്നതു താൽക്കാലിക പ്രതിഭാസമാണെന്നും അതുകൊണ്ടുതന്നെ വില കുറയ്ക്കാനാകില്ലെന്നും ബേക്കറികൾക്കു വറുത്തുകൊടുക്കുന്നർ പറയുന്നത്.