മത്സ്യമേഖലയിൽ സാങ്കേതികവിദ്യക്ക് ധാരണാപത്രം

കൊച്ചി: മത്സ്യബന്ധനമേഖലയെ കാർബൺ വിമുക്തമാക്കി പരിസ്ഥിതി സൗഹാർദമാക്കാൻ കഴിയുന്ന ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയും (സിഫ്റ്റ് ) കൊച്ചിയിലെ യെസെൻ സസ്‌റ്റെയിനും ധാരണാപത്രം ഒപ്പിട്ടു. സംയുക്ത ഗവേഷണത്തിലൂടെ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണ് പദ്ധതി. നെറ്റ് ടു പ്ലേറ്റ്, ഹാർബർ ടു പ്ലേറ്റ് എന്നീ ബ്രാൻഡുകളിൽ മത്സ്യബന്ധനരംഗത്ത് ഉപകരണങ്ങളും ശീതീകരണസംവിധാനങ്ങളും ഉത്പന്നങ്ങളുടെ ഓൺലൈൻ ട്രാക്കിംഗും ലഭ്യമാക്കും.

സിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സിഫ്റ്റ് ഡയറക്ടർ ഇൻ ചാർജ് ഡോ.എം.എം. പ്രസാദും യെസെൻ സസ്റ്റെയിൻ സി.ഇ.ഒ ജോർജ് മാത്യുവും ധാരാണാപത്രത്തിൽ ഒപ്പുവച്ചു. സിഫ്റ്റ് എൻജിനീയറിംഗ് വിഭാഗം മേധാവി മനോജ് പി. സാമുവൽ, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ജോർജ് നൈനാൻ, സീനിയർ സയന്റിസ്റ്റ് ബൈജു എം.വി., യെസെൻ സസ്‌റ്റെയിൻ ഗവേഷണ വിഭാഗം മേധാവി ഗോവിന്ദ് എസ്. മേനോൻ എന്നിവർ സംബന്ധിച്ചു. ഓരോ ടൺ മീൻ പിടിയ്ക്കുമ്പോഴും 0.59 ടൺ മുതൽ 2.4 ടൺ വരെ കാർബൺഡയോക്‌സൈഡ് പുറന്തള്ളുന്നു. വിതരണമേഖലയും ഓരോ ടണ്ണിന് ഓരോ ടണ്ണും പുറന്തള്ളുന്നു. പെട്രോളിയം അടിസ്ഥാന ഇന്ധനങ്ങൾ ഏറ്റവുമധികം ഉപയോഗിക്കുന്ന മേഖലയാണ് മത്സ്യബന്ധനം.

ശരിയായ ശീതീകരണശൃംഖലയില്ലാത്തതു മൂലം പിടിക്കുന്ന മത്സ്യവിഭവങ്ങളുടെ 20 ശതമാനം പാഴാകുന്നു. ഇവ കണക്കിലെടുത്ത് വികസിപ്പിക്കുന്ന ഉത്പന്നങ്ങളിലൂടെ മേഖലയെ കാര്യക്ഷമവും സുസ്ഥിരവും ഓൺലൈൻ ട്രേഡിംഗിലൂടെ ഉത്തരവാദിത്തമുള്ളതുമാക്കും. ആദ്യ ഉത്പന്നമായ ഹാർബർ ടു പ്ലേറ്റ് ഡിസംബറോടെ വിപണിയിലെത്തുമെന്നും അധികൃതർ അറിയിച്ചു.