election

കോലഞ്ചേരി: എല്ലാം മൊബൈലിലൊതുക്കി ഇ - തിരഞ്ഞെടുപ്പ്. ഇന്നലെ ഞായർ അവധി ദിനമായിട്ടും സ്ഥാനാർത്ഥികൾ വീടുകൾ വഴിയുള്ള പാച്ചിൽ കുറവായിരുന്നു. പ്രസംഗം പഠിക്കാനും, ബ്യൂട്ടി പാർലറുകളിൽ പോയി മിനുങ്ങാനും സമയം കണ്ടെത്തിയവരാണേറെയും. കാമ്പയിനുമായി വീടുകൾ കയറിയിറങ്ങുന്നതിനോട് വോട്ടർമാർ പലരും വിമുഖത പ്രകടിപ്പിക്കുന്നതാണ് പ്രശ്നം. നേരിട്ട് പറഞ്ഞില്ലെങ്കിലും മുഖഭാവങ്ങളിലറിയാം വോട്ടു ചോദിച്ചു വന്നതിലെ വിമ്മിഷ്ടം. കൊവിഡ്കാലത്തെ മാ​റ്റങ്ങൾ കണ്ടറിഞ്ഞ് വെർച്വൽ സ്​റ്റുഡിയോകളിലും എഡി​റ്റിംഗ് സ്​റ്റുഡിയോകളിലും തയ്യാറാക്കുന്ന പ്രചാരണമാണ് ഇനി രക്ഷ.

മൊബൈലിൽ അഭയം തേടുകയാണ് സ്ഥാനാർത്ഥികൾ. നിലവിൽ പ്രസംഗം വീട്ടിലെത്തിക്കാനും, അഭ്യർത്ഥനകൾ മൊബൈൽഫോണിൽ ഇടതടവില്ലാതെ അയക്കാനുമുള്ള തത്രപ്പാടിലാണവർ. ഇനി തിരഞ്ഞെടുപ്പിൽ ജാഥകളും പ്രചാരണ പരിപാടികളും വെർച്വൽ കൂട്ടായ്മയിലൂടെ വോട്ടറുടെ മുന്നിലെത്തും. ചുരുക്കത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഇത്തവണ കൈയിലിരിക്കുന്ന മൊബൈൽ ഫോണിനെ ചൂടുപിടിപ്പിക്കും.

കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട നിരവധി യുവജനങ്ങളാണ് പുതിയമേഖലയിൽ ചുവടുറപ്പിച്ചിരിക്കുന്നത്. വെർച്വൽ പ്രസംഗങ്ങളുടെ സാദ്ധ്യത, വാട്ട്‌സാപ്പ് ഗ്രൂപ്പുകളുടെ പ്രാധാന്യം, ഫേസ്ബുക്ക് കൂട്ടായ്മകൾ എന്നീ നൂതനമായ പരസ്യസംവിധാനങ്ങൾ അരങ്ങിൽ അവതരിപ്പിക്കുകയാണ് യുവജനങ്ങൾ.

തുടക്കത്തിൽ തന്നെ എല്ലാ സ്ഥാപനങ്ങൾക്കും നല്ല തിരക്കുണ്ടെന്നതും ശ്രദ്ധേയമാണ്. വിവിധ പാക്കേജുകൾ നിശ്ചയിച്ച് 10,000 മുതൽ 40,000 രൂപ വരെ വാങ്ങിയാണ് ഇവർ തിരഞ്ഞെടുപ്പിനെ കൊഴുപ്പിക്കുന്നത്. അഞ്ചു മുതൽ പത്തുപേർ വരെ ഓരോ സ്ഥാപനത്തിലും തൊഴിൽ ചെയ്യുന്നുണ്ട്. കൂട്ടത്തിൽ ഡിജി​റ്റൽ മേഖലയിലെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിലേക്ക് ഗ്രാഫിക് ഡിസൈനർമാർ, ക്യാമറാമാന്മാർ, ആനിമേ​റ്റർമാർ എന്നിവർ വരെ വന്നുകഴിഞ്ഞു.

കൊവിഡ് പ്രതിസന്ധിയെ സാദ്ധ്യതയാക്കി മാ​റ്റുകയാണ് ഇരുകൂട്ടരും. സ്ഥാനാർത്ഥി ആഗ്രഹിക്കുന്നതും ജനങ്ങൾ ഇഷ്ടപ്പെടുന്നതും കോർത്തിണക്കിയാണ് ഓരോ പ്രചാരണതന്ത്റങ്ങളും മെനയുന്നത്. ഡിജി​റ്റൽ പ്രചാരണത്തിൽ സംഗീതത്തിന്റെയും സൗണ്ട് ഇഫക്ടുകളുടെയും സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്.
ഗ്രാഫിക്‌സിന്റെയും എഡി​റ്റിംഗിന്റെയും പിൻബലത്തോടെ പ്രസംഗങ്ങൾ നിങ്ങളെത്തേടി ഫോണിലെത്തും.