smashanam

ഫാക്ടിലെ പത്ത് ശ്മശാനഭൂമികളെക്കുറിച്ച്....

കളമശേരി: സമയമാം രഥത്തിലേറി അന്ത്യ യാത്ര ചെയ്യുമ്പോൾ അവസാന വിശ്രമത്തിന് ഒരാറടി മണ്ണ് വേണം മനുഷ്യന്. വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായി അടക്കം ചെയ്യലും അഗ്നിക്കിരയാക്കലും മതപരമായ കാര്യങ്ങൾ. ഇതെല്ലാം പരിഗണിച്ച് എല്ലാവർക്കും വേണ്ടി അന്ത്യവിശ്രമയിടം വിഭാവന ചെയ്ത ഒരാളുണ്ടായിരുന്നു സാക്ഷാൽ എം.കെ.കെ.നായർ എന്ന മഹാൻ. ഫാക്ട് എന്ന മഹാസ്ഥാപനത്തിന്റെ ചരിത്രം കുറിച്ച സാരഥി.

കണ്ടെയ്‌നർ റോഡിൽ നിന്നും കഷ്ടി 50 മീ. അകലെ പാടത്തിനോട് ചേർന്ന് പഴയ ജെ.എൻ.എം ആശുപത്രിക്ക് സമീപം എല്ലാ മതവിഭാഗക്കാർക്കും വേണ്ടി 5 സെന്റ് വീതം 9 വിഭാഗക്കാർക്ക് 9 ശ്മശാനഭൂമി അദ്ദേഹം 1960 കളിൽ അനുവദിച്ചു. രാജ്യത്ത് ഒരു പൊതു മേഖലാ സ്ഥാപന മേധാവിയും ചിന്തിക്കാത്ത, ചെയ്യാത്ത കാര്യം.

മുസ്ലിം വിശ്വാസികളുടെ ശ്മശാനം ഉപയോഗിക്കുന്നില്ല. ഗെയ്റ്റിനു മുന്നിൽ പച്ചബോർഡ് ഇപ്പോഴുമുണ്ട്. ക്രിസ്ത്യാനികൾ വ്യത്യസ്ഥ വിഭാഗങ്ങൾ ഉള്ളതിനാൽ 7 എണ്ണം അവർക്കുള്ളതാണ്. പിന്നെ ഒരെണ്ണം ഹിന്ദുക്കളുടേതായിരുന്നു. അതിപ്പോൾ കൈയ്യേറി ഇല്ലാതായ അവസ്ഥയിലാണ്. ശ്മശാനത്തിനു ചുറ്റുമുണ്ടായിരുന്ന മതിൽ പൊളിച്ച് ഫാക്ടിന്റെ ശ്മശാനഭൂമിയും സ്വകാര്യ സ്ഥലവും കൂടി ഒന്നാക്കി മാറ്റി. ശ്മശാനത്തിനു മുൻവശത്ത് വലിയ മുറി പോലെ കെട്ടിയടച്ച് എടുത്തിട്ടുമുണ്ട്. അതിൽ ഡെക്കറേഷൻ സാധനങ്ങൾ വച്ച് പൂട്ടി സൂക്ഷിച്ചിരിക്കുകയാണ്. മതിൽ പൊളിച്ചതുൾപ്പെടെയുള്ള അനധികൃത നിർമ്മാണങ്ങൾ ഫാക്ട് മാനേജ്മെന്റ് അറിഞ്ഞിട്ടുമില്ല. അല്ലെങ്കിൽ അറിഞ്ഞിട്ടില്ലെന്ന് നടിക്കുകയാണ്.

ഇത്കൂടാതെ ഫാക്ട് ടൗൺഷിപ്പിലെ ഒ.ഡി.ക്വാർട്ടേഴ്സിനടുത്തും ഹിന്ദു വിഭാഗത്തിന് ചിതയൊരുക്കി സംസ്ക്കരിക്കുന്നതിനുള്ള സൗകര്യം ഉണ്ട്. ആവശ്യമായ ചാണകവറളി, അറക്കപ്പൊടി തുടങ്ങിയവ പച്ചാളത്തു നിന്നാണ് കൊണ്ടുവന്നിരുന്നത്. സംസ്ക്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കമ്പനിയുടെ ട്രക്ക് സൗജന്യമായി നൽകിയിരുന്നു. ഇവിടം കാടുമൂടി കിടക്കുകയാണ്.

പതിനായിരത്തിൽപ്പരം ജീവനക്കാരുണ്ടായിരുന്ന കാലഘട്ടത്തിൽ ഫാക്ടിലെ കുടുംബാംഗങ്ങൾക്കു വേണ്ടി മാത്രം ഒരുക്കിയ 10 വ്യത്യസ്ത ശ്മശാനഭൂമിയെക്കുറിച്ച് പുതുതലമുറക്കറിയില്ല. ഉണ്ടാക്കുന്നവൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നുമില്ല എന്നു പറഞ്ഞതുപോലെ....