കോലഞ്ചേരി: സർക്കാർ സഹായത്തോടെ പച്ച മീനിലെ വിഷാംശം കണ്ടെത്താനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. പരിശോധന കിറ്റ് തുച്ഛമായ വിലയിൽ ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടപ്പാക്കാൻ കഴിയാത്തതോടെ അമോണിയ, ഫോർമാലിൻ എന്നീ വിഷ പദാർത്ഥങ്ങൾ മീൻ കേടാകാതിരിക്കാൻ ചേർക്കുന്നത് കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്. ഗുരുതര ആരോഗ്യ ഭീഷണി ഉയർത്തുന്നതാണ് ഈ രാസ വസ്തുക്കൾ. പൊതു ജനങ്ങൾക്ക് രാസ വസ്തുവിന്റെ സാന്നിദ്ധ്യം കാഴ്ചയിൽ തിരിച്ചറിയാനാകില്ല.
24 സ്ട്രിപ്പടങ്ങുന്ന കിറ്റ് വിപണിയിൽ 240 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ പത്ത് രൂപ മുടക്കി മീൻ പരിശോധിച്ച് വാങ്ങാൻ ആരും തന്നെ മെനക്കെടാറില്ല. മത്സ്യത്തിൽ നേരിട്ടല്ലാതെ അതിലിടുന്ന ഐസിൽ രാസ പദാർത്ഥങ്ങൾ ചേർത്ത് പെട്ടെന്ന് കേടാകാതെ സൂക്ഷിക്കുന്നുണ്ട്. നേരിട്ട് മത്സ്യത്തിൽ ചേർക്കാതെ ഐസിൽ സൂക്ഷിച്ചാൽ രാസ സാന്നിദ്ധ്യം കണ്ടെത്താനും പ്രയാസമാണ്.
പഴകിയ മീനുകൾക്ക് അസ്വഭാവികമായ ഗന്ധവുമുണ്ടാകും ,ഇതറിയാതിരിക്കാനും മീനിന്റെ തിളക്കം കൂട്ടാനും പാറ്റയെ തുരത്തുന്ന ഹിറ്റ് പ്രയോഗവും ചില വില്പനക്കാർ നടത്തുന്നുണ്ട്. രാസ വസ്തുക്കൾ ചേർത്ത മത്സ്യം കഴിച്ചാൽ അർബുദമടക്കമുള്ള മാരക രോഗങ്ങൾ പിടിപെടുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്.
പഴക്കം കണ്ടെത്താം
മീനിന്റെ ചെകിളയുടെ നിറമാറ്റം നോക്കി പഴക്കം കണ്ടെത്തുന്നതായിരുന്നു പഴയകാല രീതി. എന്നാൽ മൃഗങ്ങളെ കൊല്ലുന്ന അറവ്ശാലകളിൽ നിന്നും ശേഖരിക്കുന്ന രക്തം ചെകിളയിൽ തേച്ചു പിടിപ്പിച്ച് നിറമാറ്റമുണ്ടാകാതെ വില്പനക്കെത്തിക്കുന്ന പതിവുമുണ്ട്. സ്പർശനത്തിലൂടെ പഴക്കം കണ്ടെത്തുന്നതാണ് നാട്ടു നടപ്പ്.മീനിൽ ബലമായി സ്പർശിച്ച ശേഷം കൈ എടുക്കുമ്പോൾ പെട്ടെന്ന് പഴയ രൂപത്തിലായാൽ അധികം പഴക്കമില്ലെന്ന് കണ്ടെത്താം. രാസ വസ്തു സാന്നിധ്യമുണ്ടെങ്കിൽ പതുക്കെ മാത്രമെ സ്പർശിച്ച ഭാഗം പൂർവ്വ സ്ഥിതിയിലെത്തൂ.
പരിശോധന സ്ട്രിപ്പ് ലഭിക്കുന്നില്ല
മീനിലെ വിഷാംശം കണ്ടെത്തുന്നതിന് കുറഞ്ഞ വിലയിൽ പരിശോധന സ്ട്രിപ്പ് നൽകുമെന്ന് പ്രഖ്യപനമുണ്ടായിരുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗം വഴി വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാൽ അവർക്കുള്ള പരിശോധനയ്ക്ക് പോലും സ്ട്രിപ്പ് ലഭ്യമാക്കിയിട്ടില്ല.
നിയമപരമായ പരിരക്ഷ പരിശോധനയിൽ കിട്ടണമെങ്കിൽ മീനിന്റെ സാമ്പിൾ എടുത്ത് സർക്കാർ ലാബുകളിൽ പരിശോധന നടത്തി റിപ്പോർട്ടു ലഭിക്കണം. അതുകൊണ്ടു തന്നെ ഭക്ഷ്യ വകുപ്പിന് കിറ്റില്ലെങ്കിലും പരിശോധന നടത്താനാകും.