കൊച്ചി: വെർച്വൽ പ്രചരണ റാലി, ഡിജിറ്റൽ പോസ്റ്ററുകളും ചുവരെഴുത്തും, സ്ഥാനാർത്ഥികൾക്ക് പ്രചാരണ വീഡിയോകൾ തുടങ്ങി സൈബറിടത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് അങ്കത്തിന് അനുദിനം ചൂടേറുകയാണ്. പോസ്റ്ററുകളിൽ മുതൽ പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും പുതുമയുമായാണ് ഇക്കുറി പ്രചാരണം മുന്നേറുന്നത്. ഫേസ്ബുക്കും ട്വിറ്ററും യുട്യൂബും, വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയയിലും തിരഞ്ഞെടുപ്പ് പോരാട്ടം തീപാറുകയാണ്. ചുവരെഴുത്തും പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമെല്ലാം പുതിയ രൂപംപ്രാപിച്ച് വോട്ടർമാരിലേയ്ക്ക് എത്തുന്നു.
കൊവിഡ് നിയന്ത്രണങ്ങളിൽ വീടുകൾ തോറുമുള്ള പ്രചരണത്തിനേറ്റ മങ്ങൽ സോഷ്യൽമീഡിയയിലൂടെ പരിഹരിക്കാനുള്ള തന്ത്രപ്പാടിലാണ് മുന്നണികൾ. ഇക്കുറി അങ്കത്തട്ടായ വാട്‌സ്ആപ്പും, ഫേസ്ബുക്കിലുമെല്ലാം സൈബർ വിദഗ്ദരാണ് പോരാട്ടത്തിൽ ചുക്കാൻ പിടിക്കുന്നത്. ഓരോ സ്ഥാനാർത്ഥികളുടെയും മുഖം ന്യൂസ് ഫീഡുകളിൽ നിറഞ്ഞു നിർത്തേണ്ട ചുമതല ഇവർക്കാണ്. ഒപ്പം ട്രോളന്മാർകൂടി എത്തുന്നതോടെ പ്രചരണമുഖം കൂടുതൽ കനക്കും.
പുതുമയോടെ പോസ്റ്റർ പരീക്ഷണങ്ങൾ
സ്ഥാനാർത്ഥികളുടെ ചിരിതൂകി നിൽക്കുന്ന പോസ്റ്ററുകളുടെ കാലം കഴിഞ്ഞെന്ന് ഓർമ്മിപ്പിക്കുകയാണ് സോഷ്യൽ മീഡിയ. ജനങ്ങളോട് കൂടുതൽ അടുത്ത് നിൽക്കുന്ന, ജനങ്ങളിൽ ഒരാളായി സ്ഥാനാർത്ഥി നിറഞ്ഞു നിൽക്കുന്ന പോസ്റ്ററുകളാണ് തിരഞ്ഞെടുപ്പിൽ വൈറലാവുന്നത്. സ്ഥാനാർത്ഥികളുടെ ദൈനംദിന ജീവിതവും ജോലിയും വരെ പ്രമേയമാവുന്ന പോസ്റ്ററുകളുണ്ട്. ഇതുപോലെ തന്നെ മികച്ച രീതിയിൽ സംവിധാനം നിർവഹിച്ച വീഡിയോകളും പുഞ്ചിരിതൂകി കൈകൂപ്പി നിൽക്കുന്ന സ്ഥിരം സ്ഥാനാർത്ഥി ചിത്രങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്. പുതുതലമുറയുടെ വോട്ടുകൾ ഉറപ്പാക്കുക എന്നതാണ് പുത്തൻ തന്ത്രങ്ങളുടെ പ്രാഥമിക ലക്ഷ്യം.
പ്രചരണം കൊഴുപ്പിക്കാൻ സ്റ്റാർട്ട് അപ്പുകൾ
കൊവിഡ് കാലത്തെ വോട്ട് അഭ്യർത്ഥനയ്ക്ക് ആൾക്കൂട്ടം തടസമാകമ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുകയാണ് സോഷ്യൽ മീഡിയ സ്റ്റാർട്ടപ്പ് സംഘങ്ങൾ. സ്ഥാനാർത്ഥികളുടെ ശബ്ദത്തിൽ തന്നെ വോട്ട് അഭ്യർത്ഥിക്കുന്ന പോസ്റ്ററുകൾ, വീഡിയോകൾ, ഓട്ടോമാറ്റിക് വോയിസ് കോൾ, എസ്.എം.എസുകൾ, സ്റ്റാറ്റസ് വീഡിയോകൾ, പാരഡി ഗാനങ്ങൾ തുടങ്ങിയവ തയ്യാറാക്കി വോട്ടർമാരിലെത്തിച്ചുതുടങ്ങി. ഒരു പോസ്റ്ററിന് നൂറ് രൂപ, വീഡിയോക്ക് ആയിരം മുതൽ 1500 വരെ, 300 രൂപ നൽകിയാൽ നൂറ് പേർക്ക് വോയിസ് മെസേജുകൾ എന്നിവ വോട്ടർമാരിലേക്ക് എത്തിക്കുകയാണ് ഇവരുടെ പ്രവർത്തനം. പഞ്ചായത്ത് വാർഡുകളിൽ പ്രചാരണ തുക 25000 രൂപയിൽ കവിയരുതെന്ന് നിർദേശമുള്ളതിനാൽ സ്ഥാനാർത്ഥികൾക്കായി പ്രത്യേക സ്‌കീമുകളുമുണ്ട്.
കൂട്ടായ്മകളിൽ പൊറുതിമുട്ടി വോട്ടർമാർ
ത്രിതല പഞ്ചായത്തുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വാട്‌സ് ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകൊണ്ടു കഷ്ടപ്പെടുന്നത് വോട്ടർമാരാണ്. പ്രതിദിനം വോട്ടർമാരെ ഉൾപ്പെടുത്തി നിരവധി ഗ്രൂപ്പുകളാണ് മുളപൊട്ടുന്നത്. നഗരസഭാ പരിധിയിൽ ഓരോ സ്ഥാനാർത്ഥികളെ വീതം സഹിച്ചാൽ മതി. ത്രിതല പഞ്ചായത്തിൽ ഒരു മുന്നണിയ്ക്ക് മൂന്നു സ്ഥാനാർത്ഥികൾ എന്ന തോതിൽ മത്സര രംഗത്തുള്ള ഓരോരുത്തരുടെയും എണ്ണത്തിനനുസരിച്ച് ഗ്രൂപ്പുകളും കൂടും.