കോലഞ്ചേരി: എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമാകുന്ന വാർഡാണ് മഴുവന്നൂർ പഞ്ചായത്തിലെ തട്ടാംമുഗൾ.കഴിഞ്ഞ ടേമിൽ ജില്ലാ പഞ്ചായത്തംഗമായിരുന്ന ജോർജിനെ വർഷങ്ങളായി യു.ഡി.എഫ് കുത്തകയായിരുന്ന വാർഡ് തിരിച്ചു പിടിക്കാനുള്ള നിയോഗമായാണ് എൽ.ഡി.എഫ് രംഗത്തിറക്കിയത്. ഇതേ വാർഡുൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ആധുനീക നിലവാരത്തിലുള്ള റോഡും, കുടിവെള്ള പദ്ധതികളുംമുൾപ്പടെ വൻ വികസനം നടപ്പാക്കിയ ചാരിതാർത്ഥ്യത്തിലാണ് മത്സര രംഗത്തെത്തിയത്.കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് 100 കോടി രൂപയിലധികം വികസനമാണ് ജില്ലാ പഞ്ചായത്ത് കോലഞ്ചേരി ഡിവിഷനിൽ നടപ്പാക്കിയത്. റോഡുകളെ ഉന്നത നിലവാരത്തിലാക്കിയ വികസന പദ്ധതികളിൽ നാലടി റോഡുകളെല്ലാം പതിമൂന്നടി ബി.എം, ബി.സി നിലവാരത്തിലേയ്ക്കാണ് മാറ്റിയത്. ഇവിടെ യു.ഡി.എഫിലെ ടി.ഒ പീറ്ററാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.