ആലുവ: തിരഞ്ഞെടുപ്പ് പ്രചരണം ഇക്കുറി സൈബർ മാദ്ധ്യമങ്ങളിലായപ്പോൾ സ്ഥാനാർത്ഥികളേക്കാൾ തിരക്ക് പാരഡി ഗാനങ്ങളൊരുക്കുന്ന അൻവറിനെ പോലുള്ള കലാകാരന്മാർക്കാണ്. മുൻകാലങ്ങളിൽ ലോകസഭ - നിയമസഭ തിരഞ്ഞെടുപ്പുകലിൽ മാത്രമാണ് പാരഡി ഗാനങ്ങൾക്കായി സമീപിച്ചിരുന്നത്.
കൊവിഡ് എല്ലാം മാറ്റിമറിച്ചപ്പോൾ ത്രിതല തിരഞ്ഞെടുപ്പും അൻവറിനെ പോലുള്ളവർക്ക് അനുഗ്രഹമായി. മുന്നണി സ്ഥാനാർത്ഥികളുടേയും സ്വതന്ത്രരുടെയുമെല്ലാം പ്രിയപ്പെട്ട കൂട്ടുകാരനാണ് ആലുവ തായിക്കാട്ടുകര സ്വദേശിയായ അൻവർ. ജനങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്ന വിധത്തിൽ പഴയകാല ഇഷ്ട ഗാനങ്ങൾ മുതൽ പുതുതലമുറയുടെ ഹിറ്റു പാട്ടുകൾ വരെ സ്ഥാനാർത്ഥികൾക്കായി പാരഡിയാക്കുകയാണ്. മാപ്പിളപ്പാട്ടുകൾക്കും നാടൻപ്പാട്ടുകൾക്കും ആവശ്യക്കാരുണ്ട്. സ്ഥാനാർത്ഥിയുടെ പേര്, ചിഹ്നം, വാർഡ് എന്നിവക്ക് പ്രാധാന്യം നൽകി അവയെല്ലാം നാട്ടുകാർ ഓർത്തു വെയ്ക്കുന്ന വിധത്തിലാണ് പാട്ടുകൾ ചിട്ടപ്പെടുത്തുന്നത്.
തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള സ്ഥാനാർത്ഥികൾക്കായി അൻവർ പാട്ടുകൾ തയ്യാറാക്കിയിട്ടുണ്ട്. 2010 ലെ ത്രിതല തിരഞ്ഞെടുപ്പിനാണ് ആദ്യമായി പാരഡി ഗാനമെഴുതിയത്. ആലുവ ബാങ്ക് ജങ്ഷനിലെ ഹൈടെക്ക് മീഡിയ എന്ന സ്വന്തം സ്റ്റുഡിയോയിലാണ് പാട്ടിന്റെ റോക്കോഡിങ് ഉൾപ്പടെ നടത്തുന്നത്. റോഡിലെ അനൗൺസ്‌മെന്റ് വാഹനത്തിലൂടെയാണ് പാരഡി ഗാനങ്ങൾ നേരത്തെ പ്രചരിപ്പിച്ചിരുന്നത്. വാട്ട്‌സാപ്പിലൂടെ അയച്ചു കൊടുക്കുന്നതിനാണ് ഇത്തവണ കൂടുതൽ ഗാനങ്ങൾ തയ്യാറാക്കുന്നതെന്ന് അൻവർ പറയുന്നു. വീഡിയോ, അനിമേഷനും പാരഡി ഗാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
കൊവിഡിനെ തുടർന്ന് സ്റ്റേജ് പ്രോഗ്രാമുകളില്ലാതെ പ്രതിസന്ധിയിലായിരുന്ന കലാകാരന്മാർക്കും ത്രിതല തിരഞ്ഞെടുപ്പ് അനുഗ്രഗമായെന്ന് അൻവർ പറയുന്നു.