പള്ളുരുത്തി: അവധി ദിവസമായ ഇന്നലെ പശ്ചിമകൊച്ചിയിൽ ബി.ഡി.ജെ.എസ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ ഗൃഹസന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു. വികസനത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയർത്തിയാണ് വോട്ട് അഭ്യർത്ഥന. തുടർച്ചയായി ഭരിക്കുന്ന ഇടത്-വലതിന് ഒരു മാറ്റം, പൂർത്തിയാകാതെ കിടക്കുന്ന പദ്ധതികൾ, വികസന സ്വപ്ന കേരളം, കുടിവെള്ള പ്രശ്നം, തകർന്ന റോഡ് ,നാൽപ്പത് വർഷമായി മുടങ്ങി കിടക്കുന്ന നാൽപതടി റോഡ്, മുരടിച്ച് നിൽക്കുന്ന കച്ചേരിപ്പടി ഗവ.ആശുപത്രി, പൈപ്പ് കണക്ഷൻ എത്താത്ത പഞ്ചായത്തുകളിൽ വീട്ടു കണക്ഷൻ തുടങ്ങി ഒരു പിടി കാര്യങ്ങൾ ചെയ്തു തീർക്കുമെന്ന ഉറപ്പാണ് സ്ഥാനാർത്ഥികൾ വോട്ടർമാർക്ക് നൽകുന്നത്.ബി.ഡി.ജെ.എസിന്റെ സ്ഥാനാർത്ഥികളായി ചെല്ലാനം പഞ്ചായത്ത് എട്ടാം വാർഡിൽ ഹബി ജോബി, കുമ്പളങ്ങി പതിമൂന്നാം വാർഡിൽ സുലഭ ശ്രീനിവാസൻ, 14ൽ മീനാഷിബു, കൊച്ചിൻ കോർപ്പറേഷൻ ആറാം ഡിവിഷനിൽ വിപിൻ സേവ്യർ, എട്ടിൽ സുനിതാ രൂപേഷ്, 11ൽ പ്രേമ ജീവൻ, 21ൽ എ.ജി.സുരയുമാണ് മത്സരിക്കുന്നത്. പഞ്ചായത്തിലും കോർപ്പറേഷനിലും എല്ലാ ഡിവിഷനുകളിലും എൻ.ഡി.എ സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. കോണം പതിനെട്ടാം ഡിവിഷൻ സ്ഥാനാർത്ഥി പ്രിയാ മോൾ, പുല്ലാർദേശം എ.ജി.സുര, പതിനാലാം ഡിവിഷൻ സലീല തുടങ്ങിയവരും ഇന്നലെ വീടുകളിൽ പ്രചരണം നടത്തി.