കൊച്ചി: കൊച്ചി കോർപ്പറേഷൻ പോണേക്കര 35ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. ഷാജിയ്ക്ക് വേണ്ടിയുള്ള ചുവരെഴുത്തുകൾ വ്യത്യസ്തമാണ്. ഒരിടത്ത് ട്രെയിനിൽ നിന്ന് കൈ വീശുന്ന ഷാജി, മറ്റൊരിടത്ത് കെ.എസ്.ആർ.ടി.സിയിൽ, വേറൊരിടത്ത് ഓട്ടോറിക്ഷയിൽ, ഹെലികോപ്ടറിൽ അങ്ങനെ നാട്ടുകാർ കൂടി മുൻകയ്യെടുത്ത് വരച്ചെടുത്ത ജീവനുറ്റ ചിത്രങ്ങളാണ് ചുവരുകളിൽ.
ജനസമ്മതനായ ഷാജിക്ക് സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഡിവിഷനിലെ സീറ്റ് ഘടകകക്ഷിക്ക് നൽകുകയായിരുന്നു. മുപ്പത്തിയാറ് വർഷമായി സി.പി.എം പ്രവർത്തകനായ പി.വി ഷാജിക്ക് സീറ്റ് കിട്ടാതെ വന്നതോടെ നാട്ടുകാരുടെ നിർബന്ധത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാവുകയായിരുന്നു ഷാജി. ആരെയും ആകർഷിക്കുന്ന ചുവരെഴുതിയത് ചിത്രകാരൻ കൂടിയായ രാജീവ് പീതാംബരനാണ്. വ്യത്യസ്തനായ ഷാജിക്ക് വേറിട്ട പ്രചാരണങ്ങൾ ചെയ്യുന്നതിനാണ് ഇത്തരം ചുവരെഴുതിത്തുടങ്ങിയതെന്ന് രാജീവ് പറയുന്നു. പ്രചാരണങ്ങൾക്ക് മുന്നിട്ടിറങ്ങുന്നത് നാട്ടുകാരുടെ കൂട്ടായ്മകളാണ്.