കൊച്ചി: ഫോർട്ടുകൊച്ചി, വൈപ്പിൻ, ചെല്ലാനം തീരമേഖലയുടെ സംരക്ഷണത്തിനുള്ള നടപടികൾ സർക്കാർ എത്രയുംവേഗം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. തീരപ്രദേശത്തിന്റെ സംരക്ഷണത്തിന് നടപടികൾ വേണമെന്നാവശ്യപ്പെട്ട് പള്ളുരുത്തി മുൻ എം.എൽ.എയും സി.പി.എം നേതാവുമായ സി.എം. ദിനേശ്‌മണി, തോപ്പുംപടി സ്വദേശി ടി.എക്സ്. ഹാരി എന്നിവർ നൽകിയ പൊതുതാത്പര്യ ഹർജികൾ തീർപ്പാക്കിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദേശം.
തീരസംരക്ഷണത്തിനായി സ്വീകരിച്ച നടപടികൾ നേരത്തെ ഹർജിയിൽ സർക്കാരും ടൂറിസംവകുപ്പും വിശദീകരിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് തീരസംരക്ഷണ നടപടികൾ വേഗംപൂർത്തിയാക്കാൻ നിർദേശിച്ചത്. ഫോർട്ടുകൊച്ചി തീരവും നടപ്പാതയും സംരക്ഷിക്കാനുള്ള നടപടികളെക്കുറിച്ച് പഠിച്ചു റിപ്പോർട്ട് നൽകാൻ ചെന്നൈ ഐ.ഐ.ടിയിലെ ഓഷ്യൻ എൻജിനിയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 27.14 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്ന് ടൂറിസംവകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
20 കിലോമീറ്റർ ദൈർഘ്യംവരുന്ന ചെല്ലാനം തീരത്ത് കടലാക്രമണം പതിവാണ്. സൗത്ത് ചെല്ലാനം, വാച്ചാക്കൽ, കമ്പനിപ്പടി, മാലാഖപ്പടി, ബസാർ, വേളാങ്കണ്ണി, മറുവക്കാട്, ചാളക്കടവ്, കണ്ടക്കടവ്, പുത്തൻതോട്, കണ്ണമാലി, ചെറിയകടവ്, മാനാശേരി, സൗദി എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമാകാറുള്ളത്.