കൊച്ചി: മുതിർന്ന രാഷ്‌ട്രീയനേതാക്കളുടെ മക്കളും ഭാര്യമാരും പേരക്കുട്ടികളും ബന്ധുക്കളും ഇത്തവണ കൊച്ചി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരത്തിനുണ്ട്. കഴിഞ്ഞപ്രാവശ്യം സംവരണമായതിനാൽ ഭാര്യയെ മത്സരിപ്പിച്ച് സീറ്റ് നിലനിറുത്തിയവർ ഇക്കുറി സ്വന്തം തട്ടകത്തിൽ തിരിച്ചെത്തി. ഭാര്യയ്ക്ക് വേണ്ടി മാറിനിൽക്കാൻ മഹാമനസ്കത കാട്ടിയവരുമുണ്ട്.
# സ്ഥാനാർത്ഥിക്ക് തുണയായി പങ്കാളി
കരുവേലിപ്പടി ഡിവിഷൻ മുൻ കൗൺസിലർ എസ്. വത്സലയുടെ ഭർത്താവ് പി.എസ്. ഗിരീഷാണ് ഇത്തവണ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥി. ദമ്പതികൾ സി.പി.എം കുടുംബമാണ്. കടേഭാഗത്ത് എം.വി. പ്രഹ്ളാദനാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ഭാര്യ ഭാര്യ ഹേമ പ്രഹ്ളാദനായിരുന്നു തൊട്ടുമുമ്പത്തെ കൗൺസിലർ. എളമക്കര കൗൺസിലറായിരുന്ന വി.ആർ. സുധീറിന്റെ ഭാര്യ അഡ്വ. സീന സുധീർ എളമക്കര സൗത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. വിജയതന്ത്രങ്ങൾ മെനഞ്ഞ് ജീവിതപങ്കാളികൾ സജീവമായി രംഗത്തുണ്ട്.
# ഒരു കുടുംബത്തിൽ നിന്ന് രണ്ട് അംഗങ്ങൾ
അന്തരിച്ച കോൺഗ്രസ് നേതാവ് എ.എൽ. ജേക്കബിന്റെ മരുമകളും പേരക്കുട്ടിയും ഇത്തവണ മത്സരത്തിനുണ്ട്. മകൻ ബാബു ജേക്കബിന്റെ ഭാര്യയും മുൻ കൗൺസിലറുമായ ഗ്രേസി ബാബു ജേക്കബ് സെൻട്രൽ ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. എ.എൽ. ജേക്കബിന്റെ മറ്റൊരു മകനും മുൻ കൗൺസിലറുമായ ലിനോ ജേക്കബിന്റെ മകൻ മനു ജേക്കബ് നോർത്തിൽ മത്സരിക്കുന്നു. യൂത്ത് കോൺഗ്രസ് നേതാവായ മനുവിന്റെ കന്നിഅങ്കമാണിത്. കഴിഞ്ഞതവണ ഗ്രേസിയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ ലിനോ ജേക്കബ് പരസ്യമായി രംഗത്തെത്തിയിരുന്നു.
# മകളുടെ പ്രചാരണ ചുമതലയേറ്റ് ബാപ്പ
കൊവിഡ് പൊസിറ്റീവായതോടെ മുസ്ളീംലീഗ് നേതാവ് പി.എം. ഹാരിസ് മത്സരത്തിൽ നിന്ന് മാറിയതോടെ മകൾക്ക് നറുക്കുവീണു. 72- ാം ഡിവിഷനായിരുന്നു ഹാരിസിന്റെ തട്ടകം. പകരക്കാരിയും രാഷ്‌ട്രീയത്തിൽ പുതുമുഖവുമായ സ്‌മൃതി ഹാരിസ് 70- ാം ഡിവിഷനിലാണ് മത്സരിക്കുന്നത്. പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് ബാപ്പയാണ്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് വയലാർ രവി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെക്കണ്ട് അനുഗ്രഹ്രവും വാങ്ങി.
# ലീഗ് സ്ഥാപക നേതാവിന്റെ മകൾ
69 - ാം ഡിവിഷനിൽ (തൃക്കണാർവട്ടം) യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കാജൽ സലീം മുസ്ളീംലീഗ് നേതാവ് പീടിയേക്കൽ അബ്ദുള്ളയുടെ ചെറുമകളും കോൺഗ്രസ് നേതാവായിരുന്ന സലീം പീടിയേക്കലിന്റെ മകളുമാണ്.