hassim-halid
ഹസീം ഖാലിദ്

ആലുവ: ആലുവ നഗരസഭ മന നാലാം വാർഡിൽ ഇക്കുറി ത്രികോണപ്പാരാണ്. കുത്തക സീറ്റ് നിലനിർത്താൻ കോൺഗ്രസും നേരിയ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തായ എൻ.ഡി.എ സീറ്റ് പിടിച്ചെടുക്കാനും പോരാടുകയാണ്. അതേസമയം കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ എൽ.ഡി.എഫ് ഇക്കുറി ശക്തമായ തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്.

കോൺഗ്രസ് സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദും എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ജെ.പിയിലെ എൻ. ശ്രീകാന്തുമാണ് മത്സരിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എൻ.സി.പിയിലെ ഉഷാകുമാരി ടീച്ചറാണ്. 2015ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സി. ഓമന എൻ.ഡി.എ സ്ഥാനാർത്ഥി ഇന്ദിര കുഞ്ഞമ്മയെ 36 വോട്ടിനാണ് പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ് സ്വതന്ത്ര ഗീത കുന്നത്തിന് 97 വോട്ട് മാത്രമാണ് ലഭിച്ചത്. 2010ൽ കോൺഗ്രസിലെ എം. രാധാകൃഷ്ണൻ 275 വോട്ടിന് ജയിച്ച വാർഡാണിത്. രാധാകൃഷ്ണന് 359 വോട്ട് ലഭിച്ചപ്പോൾ എൽ.ഡി.എഫിലെ അലിയാർ മാസ്റ്ററിന് 84 വോട്ടാണ് ലഭിച്ചത്. ബി.ജെ.പിയിലെ ഉണ്ണിക്കണ്ണൻ നായർക്ക് 35 വോട്ടും കിട്ടി. 2015 ആയപ്പോഴേക്കും ബി.ജെ.പി മുന്നണി കരുത്താർജ്ജിക്കുകയും എൽ.ഡി.എഫിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. ആദ്യമായിട്ടാണ് എൻ.സി.പിക്ക് ആലുവ നഗരസഭയിൽ മുന്നണി ഒരു സീറ്റ് അനുവദിച്ചത്. ഇവിടെ എങ്ങനെയും വിജയിക്കുന്നതിനുള്ള തന്ത്രമാണ് പാർട്ടി ആവിഷ്കരിക്കുന്നത്.

ഹസീം ഖാലിദ്

കോൺഗ്രസ് സ്ഥാനാർത്ഥി ഹസീം ഖാലിദ് രണ്ടാം വട്ടമാണ് നഗരസഭയിലേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ തവണ 25 -ാം വാർഡിൽ കോൺഗ്രസ് റബലിനോട് പരാജയപ്പെട്ടു. വാഹന ആക്സസറീസ് സ്ഥാപനം നടത്തുകയാണ്.

എൻ. ശ്രീകാന്ത്

എൻ.ഡി.എ സ്ഥാനാർത്ഥി എൻ. ശ്രീകാന്ത് ബി.ജെ.പി ബൂത്ത് പ്രസിഡന്റാണ്. സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. ആലുവ മണപ്പുറം മഹാദേവ ക്ഷേത്രം ഉപദേശക സമിതി അംഗമാണ്.

ഉഷാകുമാരി

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഉഷാകുമാരി ഉളിയന്നൂർ ഗവ. സ്കൂളിൽ പ്രധാനാദ്ധ്യാപികയായിട്ടാണ് വിരമിച്ചത്. ആലുവ എൻ.ജി.ഒ ക്വാർട്ടേഴ്സിൽ താമസിച്ചിട്ടുണ്ട്. കെ.എസ്.ടി.എ അംഗമായിരുന്നു.