കോലഞ്ചേരി: ജോലിയിലും വ്യാജൻ, വാഗ്ദാനത്തിലാെതുങ്ങുന്ന തട്ടിപ്പുകൾക്ക് പുതിയ മാനം നല്കി വൻ ശമ്പള ഓഫറിൽ തൊഴിൽ അന്വേഷകരെ വീഴ്ത്തുകയാണ് ലക്ഷ്യം. തൊഴിലില്ലായ്മയുടെ രൂക്ഷത മുതലെടുത്ത് വിദ്യാസമ്പന്നരേയും തട്ടിപ്പുകൾക്കിരയാക്കി പണം വിഴുങ്ങുന്ന വൻ മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നതായി പൊലീസ് മുന്നറിയിപ്പ്.
വ്യാജ ജോബ് ഓഫറുകൾ ഒരു പരിധിവരെ തിരിച്ചറിയാം. മിക്കവാറും വ്യാജ ജോലി ഓഫർ ചെയ്യുന്നവർ ഇരകളെ സമീപിക്കുന്നത് ഫോൺ വഴിയോ ഇ മെയിൽ മുഖേനയോ ആകും.

പ്രമുഖ കമ്പനികളുടെ വ്യാജ ലെ​റ്റർഹെഡിലാകും ഓഫർ വരുന്നത്.ഓൺലൈൻ ജോബ് പോർട്ടലുകൾ വഴി നിങ്ങളുടെ ബയോഡാറ്റ കണ്ടിട്ടാണ് സമീപിക്കുന്നതെന്ന് അവകാശപ്പെടും.ബയോഡാറ്റയനുസരിച്ച് ഒരു ഉഗ്രൻ ജോലി ഓഫർ ചെയ്യുകയും അതിന് മുന്നോടിയായി ഇന്റർവ്യൂ ചെയ്യണം എന്നുമാണ് അടുത്ത ഘട്ടം.

സ്കൈപ്പ് തുടങ്ങിയ വീഡിയോ പ്ലാ​റ്റ്ഫോം വഴി ഓൺലൈൻ ഇന്റർവ്യൂ നടത്തുകയാണ് ഇവരുടെ മ​റ്റൊരു രീതി. ലളിതമായി പേരിനൊരു ഇന്റർവ്യൂ നടത്തിയ ശേഷം ഒ​റ്റയടിക്ക് തന്നെ ജോലി ഉറപ്പ് നൽകുന്നു.

ഇവർ അയച്ചുതരുന്ന മെയിലിൽ കമ്പനിയുടെ വിവരങ്ങളോ ഫോൺ നമ്പറോ കോൺടാക്റ്റ് ഡീറ്റെയിൽസോ ഉണ്ടാവാറില്ല. കമ്പനിയുടെ സെർവർ ഡൌൺ ആണെന്നോ സ്പാം കാരണം സെർവർ തകരാറിൽ ആണെന്നോ കമ്പനി തങ്ങളുടെ ഇമെയിൽ സിസ്​റ്റം റെഡിയാക്കി വരുന്നതേ ഉള്ളൂ എന്നൊക്കെയുള്ള മുടന്തൻ ന്യായങ്ങളാകും അന്വേഷിക്കുമ്പോൾ മറുപടി തരുക.

വ്യാജ ജോബ് ഓഫറുകൾ തിരിച്ചറിയാം

പ്രധാനമായും വർക്ക് ഫ്രം ഹോം ഓഫറുകളും ഏ​റ്റവും കുറഞ്ഞ മണിക്കൂറുകൾ മാത്രമുള്ള ജോലികളുമാണ് ഓഫർ ചെയ്യുന്നത്.ഇത്തരം തട്ടിപ്പ് കമ്പനികളുടെ വിശദാംശങ്ങൾ ഗൂഗിളിലോ മ​റ്റോ സെർച്ച് ചെയ്യുമ്പോൾ തന്നെ നമുക്ക് ഏകദേശം സത്യാവസ്ഥ ലഭ്യമാകുന്നു.

സാധാരണനിലയിൽ ഉള്ളതിനേക്കാളും കൂടുതൽ തുകയാകും ശമ്പള ഓഫർ.പ്രൊഫഷണൽ കമ്പനിക്കാർ അവരുടെ വെബ്‌സൈ​റ്റ് വഴിയും മ​റ്റും കൃത്യമായ രീതിയിൽ ജോബ് ഓഫർ ലെ​റ്റർ അയക്കുമ്പോൾ തട്ടിപ്പുകാർ ഏതെങ്കിലും ജനറൽ മെയിൽ അക്കൗണ്ട് വഴി ആയിരിക്കും ജോബ് ഓഫർ ലെ​റ്ററുകൾ അയക്കുക.

ഇത്തരം ഓഫർ ലെ​റ്ററുകളുടെ ഘടനയും പ്രൊഫെഷണൽ ആയിരിക്കില്ല. നിറയെ സ്‌പെല്ലിംഗ്, ഗ്രാമർ മിസ്​റ്റേക്കുകൾ ഉൾപ്പടെയാകും ഓഫർ ലെറ്റർ.

വിവരങ്ങൾ കൈമാറരുത്

ഇവർ ആവശ്യപ്പെടുന്ന അക്കൗണ്ട് ഡീറ്റയിൽസ് നല്കരുത്.ഒ.ടി.പി, പിൻ നമ്പർ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലെ സി.വി.വി നമ്പറുകൾ ഒരാളുമായും പങ്കു വയ്ക്കരുത്. പണം മുൻകൂറായി നല്കരുത്.