കളമശേരി: ഇത്രയും കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ കേരളത്തിലെ മാദ്ധ്യമങ്ങൾ പൊലീസിനെ അഭിനന്ദിക്കുന്നതിന് ഇതാദ്യമായ സാക്ഷിയാവുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ പി.ബി.രാജീവ്. കൊവിഡ് കാലത്തെ മികച്ച സേവനം കണക്കിലെടുത്ത് കളമശേരി പൊലീസിനെ ആദരിക്കാൻ കേരളകൗമുദി റീഡേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച പുരസ്ക്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസിനെ വിമർശിക്കുകയല്ലാതെ, നല്ലതു പറയാറില്ല പൊതുവേ മാദ്ധ്യമങ്ങൾ. അതിൽ നിന്നും വ്യത്യസ്തമായി പൊലീസ് ചെയ്യുന്ന നന്മകളെ പ്രകീർത്തിക്കുകയും ഉദ്യോഗസ്ഥരെ ആദരിക്കുകയും ചെയ്യുന്നതിന് വേദിയൊരുക്കിയ കേരളകൗമുദി അഭിനന്ദനം അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലത്ത് പൊലീസ് സേനാംഗങ്ങൾ ജീവൻ പണയം വച്ച് നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളും ജന സേവനങ്ങളും സമൂഹ മദ്ധ്യത്തിലെത്തിക്കാൻ കേരളകൗമുദി കാണിച്ച മാതൃക അഭിനന്ദനാർഹമാണെന്ന്

അസിസ്റ്റൻറ് കമ്മീഷണർ ജിജി മോൻ പറഞ്ഞു.

കേരളകൗമുദി യൂണിറ്റ് ചീഫ് പ്രഭു വാര്യർ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സർക്കിൾ ഇൻസ്പെക്ടർ പി.ആർ.സന്തോഷ്, മുഖ്യമന്ത്രിയുടെ അവാർഡ് നേടിയ സബ്ബ് ഇൻസ്പെക്ടർ പി.സി.പ്രസാദ് എന്നിവർക്ക് കേരളകൗമുദി റീഡേഴ്സ് ക്ലബ്ബിന്റെ പുരസ്കാരം സമ്മാനിച്ചു. പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.

പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച പൊലീസ് സേനാംഗങ്ങളുടെ കുട്ടികളായ രമിത എം.എ, ദേവിക പ്രസാദ്, ശ്രീലക്ഷ്മി സുനിൽ, രാഹുൽ.കെ.എ, അമൻ അബൂബക്കർ, ശ്രീലക്ഷ്മി സുരേഷ് എന്നിവർക്ക് കളമശേരി പൊലീസ് സ്റ്റേഷന്റെ അവാർഡുകൾ ഡി.സി.പി പി.ബി രാജീവ് സമ്മാനിച്ചു.

ബ്യൂറോ ചീഫ് എം.എസ്.സജീവൻ, കളമശേരി ലേഖകൻ അനിരുദ്ധൻ പി എസ് , എസ്.ഐ. മാഹിൻ സലാം, എ.എസ്.ഐ. മൃത്യുഞ്ജയൻ, സിവിൽ പൊലീസ് ഓഫീസർ ശരണ്യ തുടങ്ങിയവർ സംസാരിച്ചു.