കൊച്ചി: അങ്കത്തട്ടിൽ തിരഞ്ഞെടുപ്പ് മേളം കൊഴുക്കുമ്പോൾ മാറ്റുകൂട്ടാൻ പുത്തൻ പോസുകളിൽ സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ റെഡി. ഡിജിറ്റൽ പോസ്റ്ററുകളിൽ മുതൽ പ്രകടനപത്രികയിൽ വരെ സ്ഥാനാർത്ഥികളെ വ്യത്യസ്തതയോടെ ചിരിതൂകി ആത്മവിശ്വാസത്തോടെ വോട്ടർമാരുടെ അരികിലേക്ക് എത്തിക്കേണ്ട ചുമതല ഫോട്ടോഗ്രാഫർമാർക്കാണ്. കൊവിഡ് തളർത്തിയ മേഖല തിരഞ്ഞെടുപ്പിൽ ആശ്വാസം കണ്ടെത്തുകയാണ്.
നിരവധി സ്റ്റുഡിയോകൾക്ക് തിരഞ്ഞെടുപ്പ് എത്തിയതോടെ കൊയ്‌ത്ത് കാലമായി. കൊവിഡിനെ തുടർന്ന് പല സ്റ്റുഡിയോകളും അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ചെറുകിട സ്റ്റുഡിയോകളുടെ പ്രവർത്തനത്തെ കൊവിഡ് സാരമായി ബാധിച്ചു. പതിവ് തിരഞ്ഞെടുപ്പ് കാലം പോലെ തന്നെ ഇക്കുറിയും സ്റ്റുഡിയോകളിലേക്ക് സ്ഥാനാർത്ഥികളുടെ തിരക്കുണ്ട്. വലിയൊരു വരുമാനം ഇതിൽ നിന്നും കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് ഫോട്ടോഗ്രാഫർമാർ പറയുന്നു.
കനത്ത മത്സരം നടക്കുന്ന വാർഡുകളിലും പഞ്ചായത്തുകളിലും ഫോട്ടോഗ്രാഫർമാർക്ക് തിരക്കോട് തിരക്കാണ്. സ്ഥാനാർത്ഥിയോടൊപ്പം വെള്ളത്തിൽ വരെ ചാടാനൊരുങ്ങി ഫോട്ടോഗ്രാഫർമാർ തയ്യാറായി നിൽക്കുകയാണ്. തിരഞ്ഞെടുപ്പിൽ ഡിജിറ്റൽ പോസ്റ്ററുകളുടെ കടന്നുകയറ്റം ഉണ്ടെങ്കിലും പരമ്പരാഗത പോസ്റ്ററുകൾക്ക് ഇക്കുറിയും ആവശ്യക്കാർ ഏറെയാണ്. സ്ഥാനാർത്ഥികളാരായാലും നിന്നും ഇരുന്നും കൈക്കൂപ്പിയുമൊക്കെയുള്ള നല്ല കളർ പടങ്ങൾ തിരഞ്ഞെടുപ്പിന് അവിഭാജ്യഘടകമാണ്.കൂടുതൽ മികവോടെയുള്ള ഫോട്ടോകളാണ് സ്ഥാനാർത്ഥികൾക്ക് ഏറെ പ്രിയം. അതുകൊണ്ടു തന്നെ കുറഞ്ഞ ചെലവിൽ ആളുകളുടെ മനസിനെ പിടിച്ചിരുത്തുന്ന വ്യത്യസ്തതയുള്ള ഫോട്ടോകളാണ് സ്ഥാനാർത്ഥികളുടെ ആവശ്യം. അതിനായി പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെ സേവനമാണ് ഇവർ തേടുന്നത്. തിരഞ്ഞെടുപ്പ് സീസൺ മുന്നിൽ കണ്ടുകൊണ്ടു തന്നെ വില കൂടിയ കാമറകളും സംവിധാനങ്ങളുമാണ് ഇക്കുറി പലരും ഒരുക്കിട്ടുള്ളത്.
ഇൻഡോർ മുതൽ ഔട്ട് ഡോർ വരെ
സോഷ്യൽ മീഡിയയുടെ കടന്നുകയറ്റം തിരഞ്ഞെടുപ്പ് പ്രചരണ രീതിയെയും തലകീഴ് മറിച്ചിട്ടുണ്ട്. പരമ്പരാഗത ഇൻഡോർ ഫോട്ടോയെടുപ്പ് മാറി. ഇക്കുറി സെറ്റിട്ടു ഔട്ട് ഡോർ ഫോട്ടോകൾക്കാണ് ആവശ്യക്കാരേറെ. സ്ഥാനാർത്ഥികളുടെ ഫോട്ടോയോടൊപ്പം തന്നെ ഫോട്ടോ എടുത്ത രീതിയും സോഷ്യൽമീഡിയകളിൽ വൈറലാവുന്ന സാഹചര്യത്തിൽ ഫോട്ടോഗ്രാഫർമാരും പുതുമ തേടുകയാണ്. വിവിധ മേഖലകളിലുള്ള വോട്ടർമാരുമായി സമയം ചെലവിടുന്ന സ്ഥാനാർത്ഥിയുടെ ചിത്രം, സ്ഥാനാർത്ഥികളുടെ പ്രവർത്തനങ്ങൾ വരെ ചിത്രമായി ഒപ്പിയെടുക്കുന്നുവരുണ്ട്. പുതുമ നിലനിർത്താൻ ഒന്നിലധികം ഫോട്ടോകൾ എടുത്ത് സൂക്ഷിച്ച് വിവിധ പ്രചരണ ഘട്ടങ്ങളിലായി ഉപയോഗിക്കുന്നവരുണ്ട്.