# ജയം മാറ്റിമറിച്ചത് പോസ്റ്റൽ വോട്ട്
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് പത്താംവാർഡിൽ മത്സരിക്കുന്ന ഇടതു - വലതു മുന്നണി സ്ഥാനാർത്ഥികളുടെ ആകെ മത്സരത്തിന്റെയും ജയപരാജയങ്ങളുടെയും കണക്കെടുത്താൽ ഒരിക്കലും ടാലിയാകില്ല. ജയിച്ച സന്തോഷത്തിൽ വീട്ടിലെത്തി ഉറങ്ങിയെഴുന്നേറ്റപ്പോൾ തോറ്റിട്ടുണ്ട് ഇരു സ്ഥാനാർത്ഥികളും.
യു.ഡി.എഫ് സ്ഥാനാർത്ഥി രമേശൻ കാവലന് രണ്ട് വട്ടമാണ് സമാന അനുഭവമുണ്ടായത്. ഒരുവട്ടം ജയിച്ചതിന് ആഹ്ളാദപ്രകടനവും നടത്തി വീട്ടിലെത്തി ഉറങ്ങി എഴുന്നേറ്റപ്പോൾ തോറ്റു. അടുത്തതവണ തോറ്റ സങ്കടത്തിൽ വീട്ടിലെത്തി ഉറങ്ങിഎഴുന്നേറ്റപ്പോൾ ജയിച്ചു. രണ്ടാംവട്ടം രമേശനെ ഭാഗ്യം തുണച്ചപ്പോൾ നിർഭാഗ്യവാനായത് എൽ.ഡി.എഫിന്റെ ഇപ്പോഴത്തെ സാരഥി കെ.കെ. നാസറാണ്.
2005ൽ യു.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയായിട്ടാണ് രമേശൻ ആദ്യമായി മത്സരിച്ചത്. എതിർസ്ഥാനാർത്ഥി ആർ.എസ്.പി സ്വതന്ത്രൻ രാജു കുമ്പളാൻ. പഴങ്ങനാട് സ്കൂളിൽ ബാലറ്റ് എണ്ണിത്തീർന്നപ്പോൾ അർദ്ധരാത്രിയായി. 24 വോട്ടിന് രമേശൻ ജയിച്ചു. പോസ്റ്റൽ ബാലറ്റ് എണ്ണുന്നത് ഇരുസ്ഥാനാർത്ഥികളും മറന്നു. ഇരുവരും കൈയുംകൊടുത്ത് സഹപ്രവർത്തകർക്കൊപ്പം വീട്ടിലേക്ക് പോയി. പുലർച്ചെ കളക്ടറേറ്റിൽ പോസ്റ്റൽവോട്ട് എണ്ണിയപ്പോൾ സ്ഥിതി മാറി. തോറ്റ രാജു കുമ്പളാന് അഞ്ച് വോട്ടിന്റെ ഭൂരിപക്ഷമായി. ഇതോടെ രാജുവിനെ വിജയിയായി പ്രഖ്യാപിച്ചു.
2010ൽ കീഴ്മാട് പത്താംവാർഡിലാണ് രമേശൻ മത്സരിച്ചത്. എതിർ സ്ഥാനാർത്ഥി കെ.കെ. നാസർ. ചുണങ്ങംവേലി സ്കൂളിൽ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ കെ.കെ. നാസർ രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ഇരുവരും കൈയും കൊടുത്ത് പിരിഞ്ഞു. പുലർച്ചെ ആറ് മണിയോടെ റിട്ടേണിംഗ് ഓഫീസർ ഇരുവരെയും ഫോണിൽവിളിച്ച് മൂന്ന് പോസ്റ്റൽവോട്ടുകൾ കൂടി എണ്ണാനുണ്ടെന്ന് അറിയിച്ചു. ആദ്യ പോസ്റ്റൽവോട്ട് അസാധുവായി. അവശേഷിച്ച രണ്ടും രമേശന് ലഭിച്ചു. അതോടെ ഇരുവർക്കും തുല്യവോട്ടായി. നറുക്കെടുത്തപ്പോൾ ഭാഗ്യം രമേശനെ തുണച്ചു. തുടർന്ന് രണ്ടരവർഷം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി.
ഇക്കുറി ഇരുവർക്കുമിടയിൽ ശക്തനായ എതിരാ
ളിയുണ്ട്. യഥാർത്ഥത്തിൽ വാർഡിൽ ത്രികോണ മത്സരമാണ്. യുവമോർച്ച സംസ്ഥാന സെക്രട്ടറി ദിനിൽദിനേശ് എൻ.ഡി.എ സ്ഥാനാർത്ഥിയാണ്. 2015ലെ ദിനിൽ ഇവിടെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയായിരുന്നു. അന്ന് ഈ വാർഡിൽ ഇരുമുന്നണി സ്ഥാനാർത്ഥികളെയും പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത് ദിനിലായിരുന്നു.