swapna-suresh

കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാൻ ഏഴു ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി. ഇരു പ്രതികളെയും ഇന്നു ഹാജരാക്കാൻ സാമ്പത്തിക കുറ്റങ്ങൾ വിചാരണ ചെയ്യുന്ന എറണാകുളം അഡി. സി.ജെ.എം കോടതി നിർദ്ദേശിച്ചു. യു.എ.ഇ കോൺസുലേറ്റിലെ മുൻ സാമ്പത്തിക വിഭാഗം മേധാവിയും ഇൗജിപ്‌ഷ്യൻ പൗരനുമായ ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.30 കോടി രൂപയുടെ യു.എസ് ഡോളർ ഒമാനിലേക്ക് കടത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെത്തുടർന്നു രജിസ്റ്റർ ചെയ്ത കേസിലാണ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.ആഗസ്റ്റ് ഏഴിനാണ് ബാഗിലൊളിപ്പിച്ച ഡോളറുമായി തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ഖാലിദ് മുഹമ്മദ് അലി ഷൗക്രി ഒമാനിലേക്ക് പോയത്. പരിശോധനകൾ ഒഴിവാക്കാൻ സ്വപ്നയും സരിത്തും ഖാലിദിനെ അനുഗമിച്ചു. ഖാലിദ് ഒമാനിൽ നിന്ന് കെയ്റോവിലേക്കും തങ്ങൾ ദുബായിലേക്കും പോയെന്നും സ്വപ്ന മൊഴി നൽകിയിരുന്നു.

ഡോളർ കടത്തുന്നതിനു മുന്നോടിയായി യു.എ.ഇ കോൺസുലേറ്റിലെ എക്സ് റേ മെഷീനിലൂടെ ഖാലിദ് പലതവണ തന്റെ ബാഗ് കടത്തിവിട്ടു പരിശോധന നടത്തിയെന്നും സരിത്ത് ഇതിനു സഹായിക്കുന്നത് കണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

തുടർന്ന് സരിത്തിനെ നവംബർ 18 നും സ്വപ്നയെ നവംബർ 19 നും ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ഖാലിദിനെ പിടികൂടാൻ കോടതിയുടെ അനുമതിയോടെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോൺസുൽ ജനറലായിരുന്ന ജമാൽ അൽ സാബി, അഡ്മിനിസ്ട്രേറ്റീവ് അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈക്രി, സാമ്പത്തിക വിഭാഗം മുൻ മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി എന്നിവർ മുമ്പു പലതവണ വിദേശ കറൻസി കടത്തിയിട്ടുണ്ടെന്നും ഇവർക്ക് തിരുവനന്തപുരം എയർപോർട്ടിൽ പരിശോധന ഒഴിവാക്കി നൽകാൻ സഹായിച്ചത് സരിത്താണെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.വിദേശ കറൻസി കടത്തുന്ന വിവരം യു.എ.ഇ കോൺസുലേറ്റ് ജനറൽ ഒാഫീസിലെ ചില സ്റ്റാഫുകൾക്ക് അറിയാമായിരുന്നെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്.