കൊച്ചി: കൊവിഡിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ കാൻസർ സെന്റർ മെഡിക്കൽ കോളേജിലേക്ക് തിരികെ കൊണ്ടുവരും. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സെന്റർ ഭരണസമിതി യോഗത്തിലാണ് തീരുമാനം.

മെഡിക്കൽ കോളേജ് കൊവിഡ് സെന്റർ ആക്കിയപ്പോഴാണ് കാൻസർ സെന്റർ മാറ്റിയത്. ഇതോടെ രോഗികളുടെ എണ്ണം കുറഞ്ഞു. മുൻ വർഷം രണ്ടായിരം പുതിയ രോഗികൾ ഉൾപ്പെടെ 11,000 പേരാണ് ചികിത്സ തേടിയത്. ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതോടെ ആയിരത്തിൽ താഴെയായി. രോഗികളും കഷ്ടപ്പാടിലായി.

തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ ഒന്നര മണിക്കൂറും മുഖ്യമന്ത്രി പങ്കെടുത്തു. നിർമ്മാണ പുരോഗതിയിൽ സർക്കാർ അതൃപ്തി അറിയിച്ചു. നിർമ്മാണത്തിന് വേഗത വർദ്ധിപ്പിക്കുമ്പോൾ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച വരുത്തരുതെന്ന് യോഗം നിർദ്ദേശിച്ചു.

യോഗം ഗുണകരമായ യോഗമായിരുന്നെന്ന് കാൻസർ സെന്റർ ഡയറക്ടർ ഡോ. മോനി കുര്യാക്കോസ് പറഞ്ഞു.പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ കളക്ടറെയും ചുമതലപ്പടുത്തി.

മറ്റ് തീരുമാനങ്ങൾ

• കൊച്ചി കാൻസർ സെന്റർ നിർമ്മാണം പൂർത്തിയാകുന്നതിനൊപ്പം 1,200 തസ്തികകൾ സൃഷ്ടിക്കും.

• നിർമ്മാണം പൂർത്തിയാകുന്നതിനൊപ്പം നിയമനങ്ങൾ നടത്തണം. എഴുന്നൂറോളം നഴ്സുമാരെ നിയമിക്കും.

• ഗവേഷണരംഗത്ത് പരിചയസമ്പത്തുള്ള ഡോക്ടർമാരെ നിയമിക്കും.
• നിർമ്മാണം പൂർത്തിയാകുന്ന സമയത്തുതന്നെ പൂർണതോതിൽ കാൻസർ സെന്റർ പ്രവർത്തനം ആരംഭിക്കണം.