കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ഭരണം നിലനിർത്താൻ യു.ഡി.എഫും പിടിച്ചെടുക്കാൻ എൽ.ഡി.എഫും, ഒപ്പം ട്വന്റി20 യും അരയും തലയും മുറുക്കി രംഗത്തെത്തിക്കഴിഞ്ഞു. എൻ.ഡി.എ യുടെ സാന്നിദ്ധ്യവും ശക്തമാണ്. നാലു മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണരംഗം സജീവമായി. ട്വന്റി20 ആദ്യമായാണ് ഇവിടെ മത്സരരംഗത്ത് വരുന്നത്. 7 സീറ്റിലാണ് മത്സരിക്കുന്നത്. പൂതൃക്ക, പുത്തൻകുരിശ്, ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട്, തിരുവാണിയൂർ പഞ്ചായത്തുകളിലായി 13 ഡിവിഷനുകളാണ് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. നിലവിൽ യു.ഡി.എഫാണ് ഭരിക്കുന്നത്. 8 സീറ്റുകൾ കോൺഗ്രസും, 4 സി.പി.എമ്മും ഒരു സി.പി.ഐ പ്രതിനിധിയുമാണുള്ളത്. പഞ്ചായത്ത് രൂപവത്കരിച്ചശേഷം ഒരു തവണ മാത്രമാണ് എൽ.ഡി.എഫ് ഭരണത്തിൽവന്നത്. ഇക്കുറി പ്രസിഡന്റ് പദവി ജനറലാണ്. യു.ഡി.എഫിലെ പ്രമുഖരായ കുന്നത്തുനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.ആർ അശോകൻ, ഡി.സി.സി ജനറൽ സെക്രട്ടറി സി.പി ജോയി എന്നിവരും എൽ.ഡി.എഫിലെ ഐക്കരനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് എം. കെ മനോജും മത്സര രംഗത്തുണ്ട്. ചതുഷ്കോണ മത്സരം അരങ്ങേറുന്ന ഇവിടെ വിജയം പ്രവചനാതീതമാണ്. ട്വന്റി20 യിലേയ്ക്കുള്ള അടിയൊഴുക്കുകൾ സംബന്ധിച്ച് മുന്നണി നേതൃത്വങ്ങൾക്ക് വിലയിരുത്താൻ കഴിയാത്തതാണ് പ്രശ്നം. അപ്രതീക്ഷിതമായ ജയപരാജയങ്ങൾക്ക് തിരഞ്ഞെടുപ്പ് വേദിയാകും.