shibu-thilakan

തൃപ്പൂണിത്തുറ: തിരഞ്ഞെടുപ്പ് ഗോദയിൽ മാറ്റുരയ്‌ക്കാനിറങ്ങുകയാണ് നടൻ തിലകന്റെ മകൻ ഷിബു തിലകൻ. തൃപ്പൂണിത്തുറ നഗരസഭയിലെ 25-ാം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥിയാണ് ഷിബു.

യക്ഷിയും ഞാനും, ഇവിടം സ്വർഗമാണ്, ഗുണ്ട, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങി പന്ത്രണ്ടിലധികം സിനിമകളിലും, നിരവധി സീരിയലുകളിലും, ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ ലേഖയും അമ്മ സരോജത്തിനുമൊപ്പം തിരുവാങ്കുളം കേശവൻ പടിയിലാണ് താമസം.

തിലകന്റെ നാടകട്രൂപ്പിലും സജീവമായിരുന്നു. അച്ഛനെ സെറ്റുകളിലെത്തിച്ചിരുന്നതും ഷിബുവാണ്. 96 മുതൽ ബി.ജെ.പിയുമായി ബന്ധമുണ്ട്. തപസ്യ കലാസാഹിത്യ വേദിയുടെ സജീവ പ്രവർത്തകനും ബി.ജെ.പി തിരുവാങ്കുളം ഏരിയാ സെക്രട്ടറിയുമാണ്.

ഓരോ വീടുകളിലുമെത്തി തിലകന്റെ മകനാണെന്നു പരിചയപ്പെടുത്തുമ്പോൾ അച്ഛനോടുള്ള സ്നേഹം അവരുടെ മുഖത്തു തെളിയും. ഇത് കൂടുതൽ ആത്മവിശ്വാസം പകരും. എൽ.ഡി.എഫ് സ്വതന്ത്രൻ ബെന്നിയും യു.ഡി.എഫ് കൗൺസിലറായിരുന്ന സുകുമാരനുമാണ് എതിർ സ്ഥാനാർത്ഥികൾ.