court

കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനം അഡ്വ. എ. സുരേശൻ രാജിവച്ചു. രാജിക്കത്ത് ഇന്നലെ ആഭ്യന്തര വകുപ്പിലെ അഡി. ചീഫ് സെക്രട്ടറിക്ക് കൈമാറി.വിചാരണ നടക്കുന്ന എറണാകുളം അഡിഷണൽ സ്പെഷ്യൽ സെഷൻസ് കോടതിയിൽ (സി.ബി.ഐ കോടതി) സ്പെഷ്യൽ പ്രോസിക്യൂട്ടറെ സഹായിക്കാൻ നിയോഗിച്ച അഡ്വ. ജോസഫ് മണവാളൻ ഇക്കാര്യം ഇന്നലെ അറിയിച്ചു.

അഡ്വ. എ. സുരേശൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനം ഒഴിഞ്ഞെന്ന ഒറ്റവരി സ്റ്റേറ്റ്മെന്റാണ് കോടതിക്ക് കൈമാറിയത്. വിചാരണ തുടരാൻ വേണ്ട ബദൽ നടപടികൾ സ്വീകരിച്ച് അറിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനു നിർദ്ദേശം നൽകിയ കോടതി കേസ് നവംബർ 26 ലേക്ക് മാറ്റി.

അടുത്ത ഫെബ്രുവരി നാലിനു മുമ്പ് വിധി പറയാനാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. കോടതി പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അകാരണമായി സ്പെഷ്യൽ പ്രോസിക്യൂട്ടറെയും അന്വേഷണ ഏജൻസിയെയും വിമർശിച്ചെന്നുമാരോപിച്ച് സർക്കാരും നടിയും കോടതി മാറ്റത്തിന് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതു തള്ളിയ സിംഗിൾ ബെഞ്ച് വിചാരണ അഡി. സ്പെഷ്യൽ സെഷൻസ് കോടതിയിൽ തന്നെ തുടരാനും നിർദ്ദേശിച്ചു. ഇതിനിടെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവയ്ക്കുന്നത്.

 ഇനിയെന്ത് ?

1.അഡ്വ. സുരേശന്റെ രാജി സ്വീകരിക്കണോ വേണ്ടയോയെന്ന് സർക്കാരിന് തീരുമാനിക്കാം.

2.പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറനെ നിയമിച്ചു വിചാരണ മുന്നോട്ടുകൊണ്ടുപോകാനാകും.

3.നാദിർഷയടക്കമുള്ള ശേഷിച്ച സാക്ഷികളുടെ വിസ്താരമാണ് ഇനി നടക്കാനുള്ളത്.

4.പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സുരേശൻ നിറുത്തിയിടത്തു നിന്നാണ് തുടങ്ങേണ്ടത്.

5.കൂടുതൽ വ്യക്തതയും വിശദീകരണവും ആവശ്യമുണ്ടെങ്കിൽ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കും