jaya

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഹിന്ദു പിന്നാക്ക സമുദായങ്ങൾക്ക് അർഹമായ പ്രാധിനിദ്ധ്യം ലഭിച്ചില്ലെന്ന കേരളകൗമുദി വാർത്ത പൂർണമായും ശരിയും ഉത്കണ്ഠാജനകവുമാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ പറഞ്ഞു.

പത്രവാർത്തയുടെ പശ്ചാത്തലത്തിൽ എറണാകുളത്തെ സ്ഥിതി പരിശോധിച്ചപ്പോൾ സംഭവത്തിന്റെ ഗുരുതരാവസ്ഥ കൂടുതൽ ബോദ്ധ്യമായി. ഈഴവ സമുദായത്തിലെ ബുദ്ധിജീവികളും വിദ്യാഭ്യാസ വിചക്ഷണന്മാരും ഉണർന്ന് പ്രവർത്തിക്കണം.

ഈഴവർക്ക് മഹാഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽപ്പോലും വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. മറ്റ് സംഘടിത മത - ജാതി വിഭാഗങ്ങൾ കണക്കുപറഞ്ഞ് സ്ഥാനമാനങ്ങൾ തട്ടിയെടുക്കുമ്പോൾ ഈഴവർ പിന്തള്ളപ്പെടുന്നത് കഷ്ടമാണ്. നമുക്ക് ജാതിയില്ലെന്ന ശ്രീനാരായണഗുരുദേവന്റെ സന്ദേശത്തിന്റെ ശതാബ്ദിയാഘോഷിച്ച് ഈഴവരെ പറ്റിക്കുന്ന സ്ഥിതിയാണുള്ളത്. എല്ലാവരും ജാതിനോക്കി വോട്ടുചെയ്യുമ്പോൾ ഈഴവർ ചിഹ്നത്തിൽ കുത്തുന്നതാണ് സമുദായത്തിന്റെ ശാപമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാക്കുകൾ നൂറുശതമാനം ശരിയാണ്.

യു.ഡി.എഫിൽ സമുദായ സമവാക്യം പാലിക്കാൻ ബാദ്ധ്യതയുള്ള പാർട്ടി കോൺഗ്രസാണ്. എന്നാൽ 17,000 ത്തോളം സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് ഈഴവർക്ക് നൽകിയ പ്രാതിനിദ്ധ്യം വിരലിലെണ്ണാവുന്നത് മാത്രമാണ്. ഇടതുപക്ഷത്തെ സ്ഥിതി താരതമ്യേന മെച്ചമാണെങ്കിലും അവിടെയും ഈഴവ സമുദായത്തിന് അ‌‌ർഹമായ പ്രാതിനിദ്ധ്യമില്ല.

ബി.ജെ.പി സവർണകേന്ദ്രീകൃതമായ പാർട്ടിയെന്ന് എല്ലാവർക്കുമറിയാം. ബി.ഡി.ജെ.എസിന്റെ സാന്നിദ്ധ്യമുള്ളതിനാൽ എൻ.ഡി.എയിൽ കുറച്ച് പിന്നാക്കക്കാർക്ക് മത്സരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. കേരളകൗമുദി ഉയർത്തിക്കൊണ്ടുവന്ന ഗൗരവമേറിയ വിഷയം രാഷ്ട്രീയ പാർട്ടികളോ പൊതുസമൂഹമോ ചർച്ച ചെയ്യാത്തത് ഖേദകരമാണ്. ചരിത്രപരമായ കാരണങ്ങളാൽ തിരുവിതാംകൂറിൽ ഡോ. പല്പുവിന് ജോലി നിഷേധിച്ചെന്നത് ശരിയാണ്. പക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആ കഥയും പറഞ്ഞിരിക്കണമോയെന്ന് ഈഴവസമുദായത്തിലെ ബുദ്ധിജീവികൾ ചിന്തിക്കണമെന്നും ജയശങ്കർ പറഞ്ഞു.