ആലുവ: ആലുവ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് നേതൃത്വത്തിന്റെ അവഗണനയ്ക്കെതിരെ ആറിടത്ത് നൽകിയ നാമനിർദേശപത്രിക കേരള കോൺഗ്രസ് (എം), ജോസഫ് വിഭാഗം പിൻവലിച്ചു. യു.ഡി.എഫ് നേതൃത്വവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. മണ്ഡലത്തിലെ 16 വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ച ജോസഫ് വിഭാഗം ആറിടത്താണ് പത്രിക നൽകിയിരുന്നത്. ചൂർണിക്കര, കീഴ്മാട് പഞ്ചായത്തിൽ ഒന്നുവീതവും കാഞ്ഞൂർ പഞ്ചായത്തിൽ മൂന്നുംസീറ്റിലാണ് പത്രിക നൽകിയത്. പാറപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ഒരു പത്രികയും നൽകിയിരുന്നു. എല്ലാ സ്ഥലത്തെയും പത്രിക ഇന്നലെ പിൻവലിച്ചു. അതേസമയം ഇതേ നിലപാടെടുത്ത കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ ആരും പത്രിക നൽകിയിരുന്നില്ല.