jyothi
ജ്യോതിയും കുഞ്ഞും

പറവൂർ: ബസിൽ യാത്രക്കിടെ പ്രസവവേദന അനുഭവപ്പെട്ട് പറവൂർ കെ.എം.കെ ആശുപത്രിയിൽ പ്രസവിച്ച ജ്യോതി (24)യും പെൺകുഞ്ഞും സുഖം പ്രാപിച്ചു. ഞായറാഴ്ച രാത്രി​യി​ലെ പ്രസവശേഷം ജ്യോതി​യും കുഞ്ഞും കുടുംബവും ഇന്നലെ പുലർച്ചെ മൈസൂരിലെ വീട്ടി​ലെത്തി​.

തോട്ടപ്പിള്ളിയിൽ കുട്ടയിൽ മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്ന കുടുംബം ശനിയാഴ്ച വൈകീട്ടാണ് ആലപ്പുഴയിൽ നിന്നും പുറപ്പെട്ടത്. മാനന്തവാടിയിലേക്കുള്ള സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിലായി​രുന്നു യാത്ര. രാത്രി പത്ത് മണി​യോടെയാണ് പ്രസവവേദന ഉണ്ടായത്.

ജ്യോതിയുടെ ഭർത്താവ് പീയയും സഹോദരൻ കൃഷ്ണപ്പയും സംഘത്തി​ലെ ആറ് പേരും ഒപ്പമുണ്ടായി​രുന്നു. ആശുപത്രി​ക്ക് മുന്നി​ൽ ബസ് നി​റുത്തി​ ജ്യോതി​യെ ഉള്ളി​ലേക്ക് കൊണ്ടുപോയി​. കൊവി​ഡ് ടെസ്റ്റി​ന് നി​ർബന്ധി​ച്ചതി​നാൽ അതി​ന് കാത്തി​രി​ക്കെയാണ് പ്രസവം.

ഗൈനക്കോളജിസ്റ്റിനെ വിളിച്ചു വരുത്തി അമ്മയ്ക്കും കുഞ്ഞിനും ചികിത്സ നൽകി. രാത്രി തന്നെ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ടോടെ ഡിസ്ചാർജ് വാങ്ങി​ കുടുംബം മൈസൂരിലേക്ക് മടങ്ങുകയായി​രുന്നു. ഹരിപ്പാട് ഗവ. ആശുപത്രിയിലാണ് യുവതി ചികിത്സ തേടിയിരുന്നത്. അടുത്ത മാസം പത്തിനാണ് പ്രസവം പ്രതീക്ഷിച്ചത്.

ജ്യോതി​യുടെ നാലാമത്തെ പ്രസവമാണ്. ആദ്യത്തെ രണ്ടു കുഞ്ഞുങ്ങളും മരിച്ചു. രണ്ടു വയസുള്ള പെൺകുഞ്ഞ് ഇവർക്കൊപ്പമുണ്ടായിരുന്നു.

കുടുംബത്തെ ബസിൽ നിന്നും ഇറക്കിവിട്ടതായി വാർത്തയുണ്ടായതിനാൽ യുവതിയുടെ സഹോദരനിൽ നിന്നും ബസ് ജീവനക്കാരിൽ നിന്നും പൊലീസ് വിവരം ശേഖരിച്ചിരുന്നു.

തങ്ങളുടെ ആവശ്യപ്രകാരമാണ് ബസ് നിറുത്തിയതെന്നും പരാതിയൊന്നുമില്ലെന്നും യുവതിയുടെ സഹോദരൻ പൊലീസിനെ അറിയിച്ചു. പതി​വ് യാത്രക്കാരാണ് ഇവരെന്നും സാമ്പത്തി​ക സഹായം വാഗ്ദാനം ചെയ്തപ്പോൾ വേണ്ടെന്ന് പറഞ്ഞെന്നും ആന്റഡ്രൂ ബസിന്റെ ഉടമയും കണ്ടക്ടറുമായ ജെൻസൻ പറഞ്ഞു. ടിക്കറ്റി​ന്റെ പണം തി​രി​കെ നൽകാനും തയ്യാറായി​. അത് പി​ന്നീടുള്ള യാത്രയി​ൽ നോക്കാമെന്നായി​രുന്നു മറുപടി​. പുരോഹി​തൻ ഉൾപ്പടെയുള്ള യാത്രക്കാർ ബസി​ലുണ്ടായി​രുന്നു. ഇവരുൾപ്പടെ ജ്യോതി​യുടെ കുടുംബത്തോട് സംസാരി​ച്ച് അവരുടെ അനുമതി​യോടെയാണ് യാത്ര തുടർന്നത്. കൊടുങ്ങല്ലൂർ എത്തി​യപ്പോഴേക്കും പ്രസവവി​വരം ജ്യോതി​യുടെ സഹോദരൻ അറി​യി​ച്ചെന്നും ജെൻസൻ പറഞ്ഞു.