ആലുവ: നഗരസഭയിൽ ഏഴരലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ടെന്ന പേരിൽ എതിർ സ്ഥാനാർത്ഥികൾ ആക്ഷേപം ഉന്നയിച്ചതിനെ തുടർന്ന് പരിശോധനക്കായി മാറ്റിവച്ച എട്ടാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സിറ്റിംഗ് കൗൺസിലറുമായ കെ.വി. സരളയുടെ പത്രിക ഒടുവിൽ സ്വീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണിത്.

2012ൽ ശിവരാത്രി സമയത്ത് മണപ്പുറത്തേക്ക് നടപ്പാലം നിർമ്മിച്ചതുമായി ബന്ധപ്പെട്ട് കെ.വി.സരള പ്രസിഡന്റായ ആലുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി നഗരസഭയിൽ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കിയിരുന്നു. ഇത് തീർക്കാതെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന വാദമാണ് കമീഷന്റെ പരിഗണനക്ക് വിട്ടിരുന്നത്. എന്നാൽ ബാദ്ധ്യത ഉപദേശക സമിതിക്കാണെന്നും സരളയുടെ വ്യക്തിപരമായ പേരിലല്ലെന്നുമാണ് കമ്മീഷൻ ചൂണ്ടിക്കാട്ടിയത്.