കൊച്ചി : ഇൗ അദ്ധ്യയന വർഷം കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ അൺ എയ്ഡഡ് സ്കൂളുകൾ വാങ്ങാവൂ എന്ന് സർക്കാരും സി.ബി.എസ്.ഇയും സർക്കുലർ ഇറക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. രണ്ടാം ടേം കഴിയുന്ന ഇൗ സാഹചര്യത്തിൽ ആദ്യ ടേമിന്റെ ഫീസ് വിദ്യാർത്ഥികൾ രണ്ടാഴ്ചയ്‌ക്കുള്ളിൽ അടയ്ക്കണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. കൊവിഡ് സാഹചര്യത്തിൽ സ്കൂൾ ഫീസ് ഇളവു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രക്ഷിതാക്കളുടെ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഉത്തരവ്. ഹർജി നിലവിലുള്ളതിനാൽ ഫീസ് അടയ്ക്കേണ്ടെന്ന് ഹർജിക്കാർ മറ്റു രക്ഷിതാക്കളോടു പറയുന്നുണ്ടെന്നും ഇതിനാൽ പലരും ആദ്യ ടേം ഫീസ് പോലും അടച്ചിട്ടില്ലെന്നും ചില സ്കൂൾ മാനേജ്മെന്റുകൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്നാണ് ആദ്യ ടേം ഫീസ് അടയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഫീസിൽ കുറവു വരുത്തേണ്ടി വന്നാൽ അടുത്ത ടേമിലെ ഫീസിൽ ഇതിന് ഇളവു നൽകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉയർന്ന ഫീസ് നൽകേണ്ടി വരുമെന്നറിഞ്ഞാണ് സർക്കാർ ഇതര സ്കൂളുകളിൽ കുട്ടികളെ രക്ഷിതാക്കൾ ചേർത്തിട്ടുള്ളത്. പ്രതിസന്ധിഘട്ടം തരണം ചെയ്യുന്നതിന് രക്ഷിതാക്കളെ സഹായിക്കാനാണ് കോടതി ഇടപെടുന്നത്. കേസുണ്ടെന്ന കാരണത്താൽ ഫീസ് നൽകാതിരിക്കാൻ കഴിയില്ല - ഹൈക്കോടതി വ്യക്തമാക്കി. ചെലവിന് ആനുപാതികമായേ ഫീസ് നിശ്ചയിക്കാവൂ എന്നു വ്യക്തമാക്കുന്ന സർക്കുലർ ഇറക്കുന്ന കാര്യം മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. 2020 - 21 വർഷത്തേക്ക് മാത്രമാണ് ഇൗ സർക്കുലർ ബാധകമാവുക. എതിർ കക്ഷികളായ സ്കൂൾ മാനേജ്മെന്റുകൾ വരവു ചെലവു കണക്കുകൾ നൽകിയിട്ടുണ്ട്. ചെലവിന് ആനുപാതികമായാണോ ഫീസ് നിർണയിച്ചിരിക്കുന്നതെന്നു പരിശോധിച്ചു റിപ്പോർട്ട് നൽകാൻ സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടർക്ക് ഹൈക്കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.