കൊച്ചി: ബംഗളരുവിൽ സമാപിച്ച മെക്കോ എഫ്.എം.സി.ഐ ദേശീയ കാർട്ടിംഗ് ചാമ്പ്യൻഷിപ്പിൽ കോയമ്പത്തൂരിന്റെ സൂര്യ വരദനും ബംഗളൂരുവിന്റെ റുഹാൻ ആൽവ, ഇഷാൻ മദേഷ് എന്നിവർക്കും കിരീടം. കൊവിഡ് കാലത്ത് എല്ലാവിധ പ്രോട്ടോകോളും പാലിച്ച് സംഘടിപ്പിച്ച രാജ്യത്തെ ആദ്യത്തെ ദേശീയ ചാമ്പ്യൻഷിപ്പായിരുന്നു ഇത്. 138 പോയിന്റുമായി ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ടിനിറങ്ങിയ സൂര്യ വരദൻ മൂന്നാമതായാണ് ഫിനിഷ് ചെയ്തതെങ്കിലും ആകെ നേടിയ 161 പോയിന്റ് നേട്ടം താരത്തെ സീനിയർ വിഭാഗത്തിൽ ജേതാവാക്കി. 142 പോയിന്റ് നേടിയ ചെന്നൈ താരം നിർമ്മൽ ഉമാശങ്കറിനാണ് രണ്ടാം സ്ഥാനം. ജൂനിയർ ക്ലാസിൽ അനായാസ ജയമാണ് റുഹാൻ ആൽവ നേടിയത്. 184 പോയിന്റാണ് നേടിയത്. 143 പോയിന്റുകളുള്ള രോഹൻ മദേഷ് രണ്ടാം സ്ഥാനത്തെത്തി. കടുത്ത പോരാട്ടം നടത്തിയ പൂനെയുടെ സായി ശിവ മകേഷിനെ മറികടന്നാണ് കേഡറ്റ് ക്ലാസിൽ രോഹന്റെ സഹോദരനായ ഇഷാൻ മദേഷ് ചാമ്പ്യനായത്. അവസാന റൗണ്ടിലെ നാലു റേസിലും ഇഷാൻ വിജയിച്ചു.