കിഴക്കമ്പലം: അപരന്മാർ അരങ്ങു വാഴുന്ന കിഴക്കമ്പലത്ത് ട്വന്റി20 യുടെ മാങ്ങയ്ക്ക്, ആപ്പിളും, ശംഖും അപരന്മാരായെത്തി. 19 വാർഡുകളിൽ 12 ലും അപരന്മാരുടെ വിളയാട്ടമാണ്. വോട്ടിംഗ് യന്ത്രത്തിലും അപരന്മാർ അടുത്തടുത്ത് വരും. അമ്പുനാട് വാർഡിൽ ട്വന്റിയുടെ കെ.ഇ കൊച്ചുണ്ണിയ്ക്ക് , കൊച്ചുണ്ണിയാണ് അപരൻ ചിഹ്നം ആപ്പിളും. ചേലക്കുളത്ത് സുനിത ജബ്ബാറിന് എം.എസ് സുനിതയും, മാക്കിനീക്കര എൽദോ എൻ. പോളിന് എൽദോ പോളും, ചൂരക്കോട് ആർ.ബിന്ദുവിന് ബിന്ദുവും അപരനാണ്. ഞാറള്ളൂരിൽ ദീപ ജേക്കബിന് കെ.കെ ദീപുവും, വിലങ്ങിൽ അമ്പിളി വിജിലിന് അമ്പിളി സാജുവും, പൊയ്യക്കുന്നത്ത് കെ.എ. ബിനുവിന് കെ.പി. ബിനുവും എൻ.വി. ബിനുവും അപരന്മാരായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ജിൻസി അജി മത്സരിക്കുന്ന കിഴക്കമ്പലത്ത് ജിൻസിയും, ജിൻസി വാരിക്കാട്ടുപാടവും മത്സരിക്കുന്നുണ്ട്. പഴങ്ങനാട്ടിൽ എ.ആർ ഷീബയ്ക്ക് ഷീബ ശിവാനന്ദനും, മാളയ്ക്കാമോളത്ത് ജെനീസ് പി.കാച്ചപ്പിള്ളിയ്ക്ക് ജെനീഷും അപരനാണ്. കാനാമ്പുറം വാർഡിൽ റജീന സെബാസ്റ്റ്യന് റീന അഗസ്റ്റ്യനും, ഊരക്കാട് സീന നീറ്റുംകരയ്ക്ക് സീന വഴുതക്കാട്ട്മ്യാലിലും അപരനായി. വോട്ടിംഗ് യന്ത്രത്തിൽ ദേശീയ പാർട്ടി, സംസ്ഥാനപാർട്ടി സ്വതന്ത്രന്മാർ എന്നീ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേരുണ്ടാവുക. ട്വന്റി20 സംസ്ഥാന പാർട്ടിയായി രജിസ്ട്രേഷനുള്ളതിനാൽ അതിനു തൊട്ടു താഴെയാകും മിക്ക വാർഡുകളിലും അപരന്മാർ സ്ഥാനം പിടിക്കുന്നത്. കൂടാതെ മലയിടംതുരുത്ത്, ഞാറള്ളൂർ, കിഴക്കമ്പലം, താമരച്ചാൽ ജനറൽ വാർഡുകളിൽ ട്വന്റി20 വനിതകളെയാണ് രംഗത്തിറക്കിയത്. കുമ്മനോട് വാർഡിൽ പൊതു സ്വതന്ത്രനെ എൽ.ഡി.എഫും, യു.ഡി.എഫും പിന്തുണയ്ക്കുന്നുണ്ട്.