john-mo
എം.ഒ. ജോൺ

ആലുവ: ആലുവ നഗരസഭയിലെ നസ്രത്ത് 18 -ാം വാർഡിൽ ഇക്കുറി വി.ഐ.പി പോരാട്ടമാണ്. യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും ചെയർമാൻ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് ഇവിടെയാണ്. റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായും കളത്തിലിറങ്ങിയത് പോരാട്ടത്തിന് വീര്യമേറി.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് അക്കരക്കാരനാണ് ആദ്യം കളത്തിലിറങ്ങിയത്. തൊട്ടുപിന്നാലെ എൻ.ഡി.എയുടെ ചെയർമാൻ സ്ഥാനാർത്ഥി എ.സി. സന്തോഷ്‌കുമാറുമെത്തി. യു.ഡി.എഫ് ചെയർമാൻ സ്ഥാനാർത്ഥി എം.ഒ. ജോൺ വൈകിയാണ് ഇവിടെ സ്ഥാനാർത്ഥിയായത്. ഏത് വാർഡിൽ മത്സരിക്കണമെന്ന ആശങ്കയാണ് വൈകാൻകാരണം. മൂന്ന് തവണകളിലായി 12 വർഷം നഗരസഭ ചെയർമാൻ പദവി വഹിച്ചയാളാണ് എം.ഒ. ജോൺ. 15 വർഷത്തിന് ശേഷമാണ് വീണ്ടും മത്സരത്തിനിറങ്ങുന്നത്. എറണാകുളം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായും നേരത്തെ മത്സരിച്ചിട്ടുണ്ട്. ത്രിതല തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംവരെ യു.ഡി.എഫിന്റെ ജില്ലാ ചെയർമാനായിരുന്നു. നിലവിൽ കെ.പി.സി.സി സംസ്ഥാന എക്സിക്യുട്ടീവ് അംഗമാണ്.

എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോസ് അക്കരക്കാരൻ മുൻ കോൺഗ്രസ് പ്രവർത്തകനാണ്. പിന്നീട് കുറച്ചുകാലം ജനതാദൾ ജില്ലാ ഭാരവാഹിയുമായിരുന്നു. ഇക്കുറി റസിഡന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ നിർദേശപ്രകാരം സ്വതന്ത്രനായി മത്സരിക്കാൻ നിശ്ചയിച്ചിരിക്കെയാണ് എൽ.ഡി.എഫ് പിന്തുണയുമായെത്തിയത്. അതിനാൽ എൽ.ഡി.എഫിന്റെ ആദ്യസ്ഥാനാർത്ഥി പട്ടികയിൽതന്നെ അക്കരക്കാരൻ ഇടംപിടിച്ചു.

എൻ.ഡി.എയുടെ ചെയർമാൻ സ്ഥാനാർത്ഥി എ.സി. സന്തോഷ്‌കുമാറിനെ ചെറുതായി കാണേണ്ട. സിറ്റിംഗ് കൗൺസിലിൽ ആദ്യമായി ബി.ജെ.പിയുടെ അക്കൗണ്ട് തുറന്നയാളാണ്. 2015ൽ 21ലെ സിറ്റിംഗ് കൗൺസിലറുടെ ഭർത്താവിനെയാണ് സന്തോഷ് അട്ടിമറിച്ചത്. 18ലും എൻ.ഡി.എ അട്ടിമറിവിജയം നേടുമെന്നാണ് സന്തോഷ് അവകാശപ്പെടുന്നത്. ഇവിടെ സ്വതന്ത്രനായി ജിജോ ജോസ് കുട്ടനും രംഗത്തുണ്ട്.

2015ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടെൻസി വർഗീസ് 80 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫിലെ സൂസി ബാബുവിനെ പരാജയപ്പെടുത്തിയത്. സൂസി ബാബുവിന് ലഭിച്ചത് 184 വോട്ട്. ബി.ജെ.പിയിലെ രൂപ ആർ. പൈ 109 വോട്ടും നേടി.