കൊച്ചി : അഴിമതിക്കേസിൽ കുറ്റക്കാരനാണെന്ന വിജിലൻസ് കോടതിയുടെ വിധി പ്രതിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സസ്‌പെൻഡ് ചെയ്യാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ചിറയിൻകീഴ് സ്വദേശി എ.എം. സാബു നൽകിയ ഹർജി തള്ളിയാണ് സിംഗിൾബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ആധാരമെഴുത്തുകാരനായ സാബു കൈക്കൂലിക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി തിരുവനന്തപുരം വിജിലൻസ് കോടതി തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഹർജിക്കാരൻ നൽകിയ അപ്പീലിൽ ശിക്ഷ നടപ്പാക്കുന്നത് സസ്പെൻഡ് ചെയ്ത് ഹൈക്കോടതി 2016 ൽ ജാമ്യം അനുവദിച്ചു. അപ്പീലിൽ കോടതി നടപടികൾ തുടരുകയാണ്. ഇപ്പോൾ തനിക്ക് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും അഴിമതിക്കേസിൽ കുറ്റക്കാരനാണെന്ന വിജിലൻസ് കോടതിയുടെ വിധി കൂടി സസ്പെൻഡ് ചെയ്താലേ മത്സരിക്കാൻ കഴിയൂവെന്നും വ്യക്തമാക്കിയാണ് സാബു ഹൈക്കോടതിയെ സമീപിച്ചത്. പബ്ളിക് പ്രോസിക്യൂട്ടർ ഇതിനെ എതിർത്തു. അങ്ങേയറ്റം ഒഴിവാക്കാനാവാത്ത സാഹചര്യത്തിലേ പ്രതി കുറ്റക്കാരനാണെന്ന വിധി സസ്പെൻഡ് ചെയ്യാവൂ എന്നു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അഴിമതിക്കേസുകളിൽ ഇത്തരം നടപടികൾ കോടതി സ്വീകരിക്കാറില്ലെന്നും പബ്ളിക് പ്രോസിക്യൂട്ടർ വാദിച്ചു.