കളമശേരി: ചില്ലറക്കാരന്നല്ല ഏലൂർ. തലയെടുപ്പുള്ള നേതാക്കളെ വരെ അട്ടിമറിച്ചിട്ടുണ്ട് ഈ വ്യവസായ ഗ്രാമം. കഴ്പ്പുനീര് കുടിച്ചവരാകട്ടെ പിന്നീട് മത്സരിച്ച് ജയിച്ചതും ചരിത്രം. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയായ കെ.എൻ. ഗോപിനാഥ് ഏലൂരിൽ തോൽവി രുചിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ സാധാരണ പ്രവർത്തകനായ ജോയിക്ക് മുന്നിലാണ് ഗോപിനാഥ് വീണത്. കോൺഗ്രസിന്റെ കരുത്തനായിരുന്ന ബി. ശശിധരനും ഒരു തിരഞ്ഞെടുപ്പിൽ അടിതെറ്റി. സാധാരണക്കാരനായ വേലായുധനാണ് അന്ന് ശിശിധരനെന്ന വൻമരത്തെ കടപുഴക്കിയത്. കോൺഗ്രസ് നേതാവും സഹകരണ ബാങ്ക് പ്രസിഡന്റും ജനകീയനുമായ ഇ.കെ.സേതു അടിപതറിയത് ബി.ജെ.പിക്കാരനായ ഷാജിയുടെ മുന്നിലാണ്. എസ്. ഷാജി ഇത്തവണയും മത്സരരംഗത്തുണ്ട്. കഴിഞ്ഞ തദ്ദേശപ്പോരിൽ ഏലൂരിലെ മത്സരഫലം വലിയ വാർത്തയായി. ഒറ്റ വോട്ടിന് യു.ഡി.എഫ് സ്ഥാനാർത്ഥി മൂവർണക്കൊടി പാറിച്ചതാണ് ചർച്ചകൾക്കും ആരോപണങ്ങൾക്കും വഴിവച്ചത്. ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന വി.വി. പ്രകാശൻ യു.ഡി.എഫിലെ ഉണ്ണിക്കൃഷ്ണനോടാണ് ഒറ്റ് വോട്ടിന് തോറ്റത്. ഏലൂർ നഗരസഭയാകുന്നതിനു മുമ്പ് പഞ്ചായത്തായിരുന്നപ്പോഴും പ്രകാശൻ മത്സരിച്ചു തോറ്റിരുന്നു. അന്ന് വെറും 14 വോട്ടിനായിരുന്നു പതനം. എൽ.ഡി.എഫിലെ സ്റ്റീഫനാണ് അന്ന് ജയിച്ചത്. യു.ഡി.എഫ് വോട്ടു മറിച്ചുവെന്ന ആരോപണം ബി.ജെ.പി അന്ന് ഉയർത്തിയിരുന്നു. മൂന്നാം സ്ഥാനത്തായ ജോസഫ് ആന്റണി പിന്നീട് മത്സരിച്ചു ജയിച്ചു. ഇക്കുറി വീണ്ടും ജനവിധി തേടുന്നുമുണ്ട്.