കോലഞ്ചേരി: ജനറൽ വാർഡുകളിലെ സ്ത്രീ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന നാലു വാർഡുകളാണ് കുന്നത്തുനാട് മേഖലയിലുള്ളത്. കുന്നത്തുനാട് പഞ്ചായത്തിലെ പടിഞ്ഞാറെ പെരിങ്ങാല വാർഡിൽ സി.പി.എമ്മിലെ പത്മകുമാരിയും, തിരുവാണിയൂർ പഞ്ചായത്തിലെ പഴുക്കാമറ്റം വാർഡിൽ മുൻ വൈസ് പ്രസിഡന്റ് കൊച്ചുറാണി പ്രിൻസും, ഐക്കരനാട് പഞ്ചായത്തിലെ മനയത്തുപീടിക വാർഡിൽ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ മിനി സണ്ണിയും, പെരിങ്ങോൾ വാർഡിൽ എൽസി ബാബുവിനെയുമാണ് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇവരെല്ലാവരും കഴിഞ്ഞ ടേമിൽ എൽ.ഡി.എഫ് പ്രതിനിധികളായി മത്സരിച്ചു പഞ്ചായത്തംഗങ്ങളായിരുന്നവരാണ്. മത്സരിച്ച അതേ വാർഡുകൾ ജനറൽ സംവരണമായപ്പോൾ വാർഡിലെ വികസന പ്രവർത്തനങ്ങളുടെ മികവിൽ അതേ വാർഡ് നിലനിർത്താൻ ഇവർക്ക് അവസരം നല്കുകയായിരുന്നു.