കൊച്ചി: നാട്ടിൽ വികസനം നടന്നാലും ഇല്ലെങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികൾ വാചാലരാകും. വികസനം നടന്നാൽ നടത്തിയതിന്റെ അവകാശവാദം. നടന്നില്ലങ്കിലോ നടക്കാത്തിന്റെ പേരിൽ പഴിയും പരാതിയും.
ദാ കൊച്ചി കോർപ്പറേഷൻ രണ്ടാംഡിവിഷൻ കൽവത്തിയിലെ മുഖ്യവിഷയം അത്തരത്തിലൊരു ഫ്ലാറ്റാണ്. 68 കുടുംബങ്ങൾ താമസിക്കുന്ന പഴയകെട്ടിടത്തിന് പകരം 12നിലയുള്ള പുതിയ ഫ്ലാറ്റ് നിർമ്മിക്കാൻ തീരുമാനിച്ചതും വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാകാതെ കിടക്കുന്നതുമാണ് ചർച്ചാവിഷയം.
പൊട്ടിപ്പൊളിഞ്ഞ് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് നിലവിലുള്ള ഫ്ലാറ്റ്. ഇതിനുപകരം രാജീവ്ഗാന്ധി ആവാസ് യോജനയിൽപ്പെടുത്തി 14.75 കോടി രൂപയുടെ പുതിയ ഫ്ലാറ്റിന് തറക്കല്ലിട്ട് നിർമ്മാണം തുടങ്ങിയിട്ട് വർഷങ്ങളായി. 10 കോടിയിലേറെ രൂപ മുൻകൂർ കൈപ്പറ്റിയ കരാറുകരാൻ അടിത്തറയും നാലുപില്ലറും നിർമ്മിച്ചശേഷം സ്ഥലംവിട്ടെന്നാണ് ഗുണഭോക്താക്കൾ പറയുന്നത്. നിശ്ചിതസമയത്തിനകം പണി പൂർത്തിയാക്കാതെ മുങ്ങിയ കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന് മാത്രമല്ല കരാറെടുത്ത സമയത്ത് സെക്യൂരിറ്റി തുകയായി കെട്ടിവച്ച 108 ലക്ഷത്തിൽ 98 ലക്ഷവും തിരികെ കൊടുക്കുകയും ചെയ്തെന്നാണ് തിരഞ്ഞെടുപ്പ് ഗോദയിലെ ആരോപണം.
കഴിഞ്ഞതവണ ഇടതുമുന്നണിയുടെ റബലായി മത്സരിച്ച വനിത വിജയിച്ചതൊഴിച്ചാൽ കാലങ്ങളായി ഡിവിഷനെ പ്രതിനിധീകരിച്ചിരുന്നത് യു.ഡി.എഫാണ്. എന്നിട്ടും ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ പരിഹരിക്കപ്പെട്ടില്ല. ഇത്തവണ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് കുറച്ചുദിവസം മുമ്പ് ഫ്ലാറ്റിന്റെ നിർമ്മാണം പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ച് പുതിയ തറക്കല്ലുമിട്ടു. 5,500 വോട്ടർമാരുള്ള ഡിവിഷനിൽ നിരവധി വികസനപ്രശ്നങ്ങൾ വേറെയുമുണ്ടെങ്കിലും ഇത്തവണത്തെ മുഖ്യവിഷയം പണിതീരാത്ത ഫ്ലാറ്റ് തന്നെയാണ്. ഫ്ലാറ്റിന് ചുറ്റും ഓടിക്കളിച്ച് ഇടതു- വലതു മുന്നണികളുടെ കടുത്തമത്സരം നടക്കുന്നതിനിടെ യു.ഡി.എഫിന് റബൽ ഭീഷണിയുമുണ്ട്. അതും ഫ്ലാറ്റിനെ ചൊല്ലിയാണെന്നതാണ് ഏറെ രസകരം.
''വർഷങ്ങളായി പൂർത്തിയാക്കാത്ത പദ്ധതി തിരഞ്ഞെടുപ്പ് കാലമാകുമ്പോൾ പൊടിതട്ടിയെടുത്ത് ദാ, പിടിച്ചൊ ഇപ്പോ ശര്യാക്കാമെന്നൊക്കെ പറഞ്ഞാൽ കണ്ണടച്ച് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. പണി ഉഴപ്പിപ്പോയ കരാറുകാരനെതിരെ നിയമനടപടി സ്വീകരിക്കാത്തതും സ്മാർട്ട് സിറ്റിയുടെ ഭാഗമായി അയാൾക്ക് തന്നെ വീണ്ടും കരാർ നൽകുന്നതും സംശയാസ്പദമാണ്.''
ഫെരീഫ്
നാട്ടുകാരൻ.