v4k

കൊച്ചി: കൊച്ചി നഗരഹൃദയം കീഴടക്കാൻ കച്ചകെട്ടി യുവതുർക്കികൾ. വി.ഫോർ കൊച്ചി സാരഥികളായാണ് മൂവരും ജനഹിതം തേടുന്നത്.എറണാകുളം സെൻട്രൽ, അയ്യപ്പൻകാവ്, എറണാകുളം നോർത്ത് എന്നീ ഡിവിഷനുകളിലാണ് വനിതാസാരഥികൾ മത്സര രംഗത്തുള്ളത്. 69 -ാം ഡിവിഷനിൽ നിന്ന് 21 വയസുകരി ഫാത്തിമ നസ്‌റിൻ, എറണാകുളം സെൻട്രൽ 66 ഡിവിഷനിൽ നിന്ന് 24 കാരി പ്രിയങ്ക അനിൽകുമാർ, അയ്യപ്പൻകാവ് 68-ാം ഡിവിഷനിൽ നിന്ന് 33 കാരി ആഷ്‌ലി റോസ് എന്നിവരാണ് മുന്നണികൾക്ക് ഭീഷണിയായി കളത്തിലിറങ്ങിയിട്ടുള്ളത്. കൂട്ടായ്‌മയിലെ പ്രായം കുറഞ്ഞ വനിതാ സ്ഥാനാർത്ഥികളാണിവർ. പ്രിയങ്കയാണ് പ്രായം കുറഞ്ഞ സ്ഥാനാർത്ഥി. അക്കാഡമിക നിലവാരവും രാഷ്ട്രീയ കാഴ്ചപ്പാടുകളുമാണ് മൂവരെയും മത്സര രംഗത്തിറക്കാൻ വി. ഫോർ കൊച്ചിയെ പ്രേരിപ്പിച്ചത്. രണ്ടു തവണ അഭിമുഖം നടത്തിയാണ് മൂവരെയും സ്ഥാനാർത്ഥികളാക്കാൻ തീരുമാനിച്ചത്.

മുന്നിൽ തന്നെ

ഫാത്തിമ നസ്‌റിൻ കേരള സർവകലാശാല ബി.എസ്.സി ജ്യോഗ്രഫി റാങ്ക് ജേതാവാണ്. എൽ.ഐ.സി സ്റ്റുഡന്റ് ഒഫ് ദ ഇയർ 2017, നാഷണൽ സർവീസ് സ്‌കീമിലെ മികച്ച ലീഡറിനുള്ള അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കണ്ടന്റ് റൈറ്റർ, അദ്ധ്യാപിക എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ബിരുദധാരിയാണ് പ്രിയങ്ക അനിൽകുമാർ. 2015-16 ൽ സെന്റ് ആൽബർട്സ് കോളേജ് വനിതാ ഹോക്കി ടീമിൽ അംഗമായിരുന്നു. സാഹിത്യത്തിൽ ബിരുദവും എം.ബി.എയെയും സ്വന്തമാക്കിയ ആഷ്‌ലി റോസാണ് പാർട്ടിയുടെ ടിക്കറ്റിൽ അയ്യപ്പൻകാവ് ഡിവിഷനിൽ മത്സരിക്കുന്നത്.

സാമൂഹ്യ സേവനം ലക്ഷ്യം

മറ്റു രാഷ്ട്രീയ പാർട്ടികളിലെ അഴിമതിയും ജനദ്രോഹനയങ്ങളുമാണ് മൂവരെയും വി ഫോർ കൊച്ചി കൂട്ടായ്മയിലേക്ക് ആകർഷിച്ചത്. ജനങ്ങളെ സേവിക്കാനൊരു മാർഗമായാണ് മത്സരത്തെ കാണുന്നത്. മറ്റ് രാഷ്ട്രീയ പാർട്ടികളോടുള്ള എതിർപ്പാണ് വി.ഫോർ കൊച്ചിയുടെ കരുത്ത്. മുഖ്യധാര രാഷ്ട്രീയ പാർട്ടികളിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് വി. ഫോർ കൊച്ചിയുടെ ഭാഗമായി മത്സരത്തിനിറങ്ങുന്നതെന്ന് ഫാത്തിമ നസ്രിൻ പറയുന്നു. പൊതുജനങ്ങളിൽ നിന്ന് ഞങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ ജനങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെട്ടതിനാൽ എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് അഷ്‌ലി പറയുന്നു. പ്രിയങ്കയുടെയും നിലപാട് വ്യത്യസ്തമല്ല. പാർട്ടിയ്ക്കപ്പുറം ജനനന്മയ്ക്കായാണ് മത്സരരംഗത്തുള്ളതെന്ന പക്ഷമാണ് മൂവർക്കും.