കുറുപ്പംപടി : ആൾക്കൂട്ടമില്ല. കൈയ്യിലൊരു ഹെൽമറ്റും, കഴുത്തിൽ തൂക്കിയ ബാനറുമായി കാൽനടയായി ഒരാൾ. ആദ്യം കണ്ടവർ അത്ഭുതപ്പെട്ടു. പക്ഷെ കടന്നു വരുന്നത് ഒരു സ്ഥാനാർത്ഥിയാണ്. രായമംഗലം പഞ്ചായത്തിലെ ആറാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ. വർഗ്ഗീസ്. കൈയ്യിലുള്ള ഹെൽമറ്റാണ് ചിഹ്നം. ജനകീയ പ്രശ്നങ്ങൾ എന്നും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തുന്ന കാര്യത്തിൽ മുന്നിട്ടിറങ്ങുന്ന ആളാണ് ചാമക്കാട്ട് വർഗീസ്. തകർന്ന റോഡുകൾ നന്നാക്കുക, കാനകളിലെ നീരൊഴുക്ക് സുഗമമാക്കുക, സ്വകാര്യ ബസുകൾ സ്റ്റോപ്പുകളിൽ നിർത്തുക, സർക്കാർ ഓഫീസുകളിലെ കാലതാമസം ഒഴിവാക്കുക തുടങ്ങിയ സാധാരണക്കാരന്റെ ആവശ്യങ്ങൾ മാത്രമാണ് ഇദ്ദേഹത്തിനുള്ളത്. ഇത്തരം ആവശ്യങ്ങൾ നേടുംവരെ പരാതികളുമായി ഏതറ്റം വരെയും വർഗ്ഗീസ് പോകും. ആദ്യം ഉദ്യോഗസ്ഥരുടെ അടുത്തേക്ക്. നടന്നില്ലെങ്കിൽ നേരെ മാദ്ധ്യമ ഓഫീസുകളിലേക്ക്. ജനസേവനമെങ്ങിനെയെന്ന് മറ്റുള്ളവരെ പറഞ്ഞ് പഠിപ്പിക്കുന്ന വർഗ്ഗീസ് ഇത്തവണ മത്സരഗോദയിൽ ഇറങ്ങിയിരിക്കുകയാണ്.