പെരുമ്പളം: വാത്തികാട്ട് ബോട്ടുജെട്ടിക്കു സമീപം പലചരക്ക് കട നടത്തുന്ന യുവാക്കളായ വാത്തികാട്ട് ബെന്നനും ഡ്രാഫ്റ്റ്സ്‌മാനായ പുത്തൻപുരയിൽ പ്രമോദും കുടുംബാംഗങ്ങളും ചേർന്ന് വീട്ടുവളപ്പിൽ നടത്തുന്ന കൃഷി മറ്റുള്ളവർക്കും പ്രചോദനമാകുകയാണ്. കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം പഞ്ചായത്തും കൃഷിഭവനും പച്ചക്കറി ക്ലസ്റ്ററുമാണ് സഹായവുമായി രംഗത്തുള്ളത്. പെരുമ്പളം ഗ്രാമത്തെ സമ്പൂർണ ജൈവകൃഷി ഗ്രാമമാക്കുകയെന്നതാണ് ലക്ഷ്യം.
വീടിനു സമീപം ഒരേക്കറോളം വരുന്ന കൃഷിയിടത്തിൽ തക്കാളി, വെണ്ട, വഴുതന, പടവലം, പാവൽ, പച്ചമുളക്, കാന്താരി മുളക്, പീച്ചിങ്ങ തുടങ്ങിയ പച്ചക്കറികളുടെ കൃഷിയാണ് തുടങ്ങിയത്. കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് ഡ്രിപ്പ് ഇറിഗേഷൻ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം നടത്തിയ കൃഷി നൂറുമേനി വിജയം കണ്ടിരുന്നു. ഇക്കുറി ആയിരം പച്ചക്കറി തൈകളാണ് നട്ടത്. ഉദ്ഘാടനം കൃഷി ഓഫീസർ അനു .ആർ. നായർ നിർവഹിച്ചു.